തിരുവനന്തപുരം: തന്നെ ബലിമൃഗമാക്കിയെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഒരു വിഷയവും കൂടിയാലോചിക്കാറില്ലെന്നും കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വളരെ ഹൃദയവേദനയോടെയാണ് കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കേണ്ടന്ന് തീരുമാനിച്ചത്. സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ് ഇപ്പോള്‍ നേരിടുന്ന അവഗണന. എ.ഐ.സി.സി അംഗം ആവുന്നതിനുംമുന്‍പ് 1969 മുതല്‍ എ.ഐ.സി.സി. സമ്മേളനങ്ങളില്‍ മുടങ്ങാതെ പങ്കെടുത്ത ആളാണ് താന്‍. രണ്ടുവര്‍ഷം മുന്‍പ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം ഉത്തരവാദപ്പെട്ടവര്‍ ആരും ബന്ധപ്പെടുകയോ, അഭിപ്രായം തേടുകയോ ചെയ്യാറില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യങ്ങള്‍ തുറന്നുസംസാരിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'കെ സുധാകരന്‍ കെ പി സി സി പ്രസിഡന്‍റായതിനുശേഷം ഇന്നുവരെ ഒരു കാര്യത്തിനും തന്നെ ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹത്തിന് തൊട്ടുമുന്‍പ് അതേസ്ഥാനത്തിരുന്ന ആളാണ് ഞാന്‍. കെ.പി.സി.സി, മണ്ഡലം, ബ്ലോക്ക്, ഡി.സി.സി. തലത്തില്‍ പുനഃസംഘടനകള്‍ നടക്കുന്നതെല്ലാം മാധ്യമങ്ങളിലൂടെയാണ് ഞാന്‍ അറിയുന്നത്. എന്റെ സ്വന്തം ജില്ലയില്‍ ഭാരവാഹികളെ നീക്കുന്നതുപോലും ഞാന്‍ അറിയാറില്ല. ഇത്രയും അവഗണന നേരിട്ട മറ്റൊരു കെ പി സി സി പ്രസിഡന്റ് വേറെയുണ്ടാവില്ല. കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും കാര്യങ്ങളെല്ലാം നന്നായിട്ട് അറിയാം. എന്നാല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ആരും മുന്‍കൈ എടുത്തില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ എല്ലാവര്‍ക്കും ഒരു ബലിമൃഗത്തെ വേണമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20-ല്‍ 19 സീറ്റ് നേടിയത് ഞാന്‍ പ്രസിഡന്റായ ഘട്ടത്തിലാണെന്ന് എല്ലാവരും ഓര്‍ക്കണം' - മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.