ഡല്‍ഹി: യോഗി ആദിത്യനാഥ് സര്‍ക്കാരിനെ ആക്ഷേപഹാസ്യ ഗാനത്തിലൂടെ വിമര്‍ശിച്ചതിന് ഉത്തര്‍പ്രദേശ് പൊലീസിന്റെ നോട്ടീസ് ലഭിച്ചതില്‍ പ്രതികരണവുമായി ഭോജ്പൂരി ഗായിക നേഹ സിംഗ് റാത്തോര്‍. വിയോജിപ്പുകളെയും വിമര്‍ശനങ്ങളെയും അടിച്ചമര്‍ത്തുക എന്നതാണ് അവരുടെ ആശയമെന്നും താന്‍ ഇനിയും പാട്ടുകള്‍ പാടുക തന്നെ ചെയ്യുമെന്നും നേഹ സിംഗ് പറഞ്ഞു. എന്‍ഡിടിവിയോടായിരുന്നു അവരുടെ പ്രതികരണം. കാണ്‍പൂരിലെ കുടിയൊഴിപ്പിക്കലിനിടെ അമ്മയും മകളും വെന്തുമരിച്ച സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു നേഹയുടെ ഗാനം.
'ഞാന്‍ വെറുമൊരു നാടോടി ഗായിക മാത്രമാണ്. ഈ വലിയ നേതാക്കളുടെ മുന്നില്‍ ഒന്നുമല്ല. ഇത് അസഹിഷ്ണുതയാണ്. വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയും വിമര്ശനമുന്നയിക്കുന്നവരെയും ഭയപ്പെടുത്തുക എന്നതാണ് അവരുടെ ആശയം. ഞാന്‍ എന്റെ ഗാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഇനിയും പാടിക്കൊണ്ടേയിരിക്കും. ഞാനെന്തിന് പാടുന്നത് അവസാനിപ്പിക്കണം? എനിക്ക് ഭയമില്ല. ഭയപ്പെടുകയുമില്ല'- നേഹാ സിംഗ് റാത്തോര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കുടിയൊഴിപ്പിക്കലിനിടെ 45-കാരിയായ പ്രമീളാ ദീക്ഷിതും മകളുമാണ് വെന്തുമരിച്ചത്. പൊലീസ് ഇവരുടെ കുടിലിന് തീയിട്ടു എന്നാണ് ആരോപണം. എന്നാല്‍ ഇരുവരും സ്വയം കുടിലിന് തീയിട്ടതാണെന്നാണ് പൊലീസിന്റെ വാദം. ഈ സംഭവത്തെക്കുറിച്ചുളള നേഹയുടെ ഗാനം സമൂഹത്തില്‍ അസ്വസ്ഥതയും ശത്രുതയും സൃഷ്ടിച്ചെന്ന് കാണിച്ചാണ് പൊലീസ് നേഹയ്ക്ക് നോട്ടീസയച്ചത്. നേഹയുടെ ഗാനം സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമുണ്ടോ എന്ന് ചോദിച്ച പൊലീസ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ മൂന്നുദിവസത്തെ സമയം അനുവദിച്ചു. മറുപടി തൃപ്തികരമല്ലെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്നാണ് പൊലീസ് നോട്ടീസില്‍ പറയുന്നത്.