വയനാട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരുദിവസം സത്യത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി വിദേശയാത്രകള്‍ നടത്തുമ്പോള്‍ എന്തിനാണ് അദാനിയും ഒപ്പം പോകുന്നതെന്നും എങ്ങനെയാണ് അവിടെവച്ച് അദാനി കരാറുകള്‍ ഒപ്പിടുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. പാര്‍ലമെന്റില്‍ താന്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ അത് സഭാ രേഖകളില്‍നിന്ന് നീക്കംചെയ്‌തെന്നും പ്രധാനമന്ത്രി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചത് നീക്കംചെയ്യാന്‍ സ്പീക്കര്‍ തയാറായില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട് മണ്ഡലം സന്ദര്‍ശനത്തിനിടെ മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന പൊതുയോഗത്തിലായിരുന്നു രാഹുലിന്റെ വിമര്‍ശനം.
'കുറച്ചുദിവസം മുന്‍പ് ഞാന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെയും അദാനിയുടെയും ബന്ധത്തെക്കുറിച്ച് സംസാരിച്ചു. തെറ്റായ ഒന്നുംതന്നെ ഞാന്‍ പറഞ്ഞിരുന്നില്ല. പ്രധാനമന്ത്രി വിദേശയാത്ര ചെയ്യുമ്പോള്‍ അദാനി കൂടെ യാത്ര ചെയ്യുന്നത് എങ്ങനെ, അവിടെ അദാനി കരാറുകള്‍ ഒപ്പിടുന്നതെങ്ങനെ? ഇതൊക്കെയാണ് ചോദിച്ചത്. എന്റെ പ്രസംഗത്തിന്റെ മിക്ക ഭാഗങ്ങളും സഭാരേഖകളില്‍നിന്ന് നീക്കം ചെയ്തു. അദാനിയുടെയും അമ്പാനിയുടെയും പേരുകള്‍ പറയുന്നത് പ്രധാനമന്ത്രിയെ അവഹേളിക്കലാണെന്ന് പറയുന്നു. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവുകാണിക്കണമെന്ന് അവര്‍ പറഞ്ഞു. എല്ലാത്തിനും മറുപടി നല്‍കി. അതേസമയം, പ്രധാനമന്ത്രി എന്നെ വ്യക്തിപരമായി ആക്രമിച്ചു. അദ്ദേഹം പറയുന്നത് എന്റെ പേരില്‍ ഗാന്ധി എന്തിനാണ്, നെഹ്‌റു എന്ന് ചേര്‍ക്കാത്തത് എന്തുകൊണ്ടാണ് എന്ന്. അദ്ദേഹത്തിന്റെ വാക്കുകള്‍ പക്ഷേ സഭാരേഖകളില്‍നിന്ന് മാറ്റിയില്ല. ഇന്ത്യയില്‍ പിതാവിന്റെ കുടുംബപ്പേരാണ് നമ്മള്‍ നമ്മുടെ പേരിനൊപ്പം ഉപയോഗിക്കുക എന്നത് ഒരുപക്ഷെ പ്രധാനമന്ത്രിക്ക് അറിയില്ലായിരിക്കും'- രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സത്യം എല്ലായ്‌പ്പോഴും പുറത്തുവരും. ഞാന്‍ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി എന്റെ മുഖത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു. അദ്ദേഹം സംസാരിക്കുമ്പോള്‍ എത്രതവണ വെളളം കുടിച്ചുവെന്ന് നോക്കൂ, വെളളം കുടിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈകള്‍ വിറയ്ക്കുകയായിരുന്നു. അതില്‍നിന്നുതന്നെ കാര്യങ്ങള്‍ മനസിലാക്കാം. എനിക്ക് അദ്ദേഹത്തെ ഒട്ടും ഭയമില്ലെന്ന് ഇനിയും പ്രധാനമന്ത്രിക്ക് മനസിലായിട്ടില്ല. അദ്ദേഹം പ്രധാനമന്ത്രിയാണ്, എല്ലാ ഏജന്‍സികളും പ്രധാനമന്ത്രിക്കൊപ്പമാണ്. അതൊന്നും എനിക്ക് വിഷയമല്ല. സത്യം മോദിയുടെ ഭാഗത്തല്ല. ഒരു ദിവസം അദ്ദേഹം സത്യത്തെ അഭിമുഖീകരിക്കാന്‍ നിര്‍ബന്ധിതനാവും- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.