സിപിഎം നേതാവ് സി പി കുഞ്ഞു അന്തരിച്ചു

കോഴിക്കോട്: മുതിര്‍ന്ന സിപിഎം നേതാവും പ്രമുഖ വാഗ്മിയും മുന്‍ എം എല്‍ എയുമായ സിപി കുഞ്ഞു അന്തരിച്ചു. 93 ആയിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കോഴിക്കോട് നഗരത്തിലെ ഇടിയങ്ങരയിലായിരുന്നു താമസം. 1987-ല്‍ കോഴിക്കോട് രണ്ടാം നിയോജക മണ്ഡലത്തില്‍ നിന്ന് എട്ടാം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1991ല്‍ രണ്ടാം നിയോജക മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചെങ്കിലും ഡോ. എം കെ മുനീറിനോട് പരാജയപ്പെടുകയായിരുന്നു. കോഴിക്കോട് കോർപറേഷൻ കൗൺസിലറായും കെഎസ്ഇബി കൺസെൾട്ടേറ്റീവ് കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ദീര്‍ഘകാലം സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമായും സെക്രട്ടേറിയറ്റ്‌ അംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള സിപി കുഞ്ഞു പ്രഗത്ഭനായ രാഷ്ട്രീയ പ്രാസംഗികനായിരുന്നു. കോഴിക്കോടന്‍ ശൈലിയില്‍ നര്‍മ്മം ചാലിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രസംഗം ഒരു കാലത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശമായിരുന്നു. ലീഗ്, കോണ്‍ഗ്രസ് വിമര്‍ശനമായിരുന്നു സി പി കുഞ്ഞുവിന്റെ ഇഷ്ടവിഷയം. എതിരാളികളെ നാടന്‍ ശൈലിയില്‍ കണക്കിന് കളിയാക്കി, സാധാരണക്കാരായ സ്വന്തം അണികളില്‍ രാഷ്ട്രീയാവബോധം ഉണ്ടാക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തിയ നേതാവായിരുന്നു സിപി കുഞ്ഞു. ദേശിയ, സംസ്ഥാന രാഷ്ട്രീയത്തിലെ സ്ഥിതിഗതികള്‍ മനസിലാക്കി നര്‍മ്മത്തില്‍ അവതരിക്കാനുള്ള സിപി കുഞ്ഞുവിന്റെ കഴിവാണ് മറ്റ് നേതാക്കളില്‍ നിന്ന് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തിയത്. ശരീഅത്ത് വിവാദം കത്തിനിന്ന കാലത്ത് ഇടതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് മലബാറിലാകെ പ്രസംഗിച്ചിട്ടുണ്ട്.  

കാലിച്ചാക്ക് കച്ചവടക്കാരനായാണ് കുഞ്ഞു തന്റെ ജീവിതത്തിന്റെ ആദ്യപകുതി പിന്നിടുന്നത്. പിന്നീട് കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്തനായ അദ്ദേഹം വലിയങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. ഇടിയങ്ങര, കുണ്ടുങ്ങല്‍, കുറ്റിച്ചിറ, മുഖദാര്‍, പരപ്പില്‍ തുടങ്ങി കോഴിക്കോട് സൌത്ത് ബീച്ച് പരിസരങ്ങളില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. കോഴിക്കോട് എം എം ഹൈസ്കൂളില്‍ നിന്ന് പത്താംതരം കഴിഞ്ഞ സിപി കുഞ്ഞു 1930 ജൂണ്‍ 30 നാണ് ജനിച്ചത്. ഇടിയങ്ങര ചെറിയാലിങ്ങല്‍ പറമ്പില്‍ കുഞ്ഞലവി ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. കദീസബിയാണ് ഭാര്യ. കോഴിക്കോട് നഗരസഭാ ഡെപ്യൂട്ടി മേയര്‍ സി പി  മുസാഫര്‍ അഹമ്മദ് ഉള്‍പ്പെടെ എഴ് മക്കളുണ്ട്. വൈകിട്ട്‌ 4.30 മുതൽ ആറുവരെ കൊഴിക്കോട്‌ ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന്‌ വെക്കും. രാത്രി 8 മണിയോടെ കണ്ണമ്പറമ്പ് ശ്മശാനത്തില്‍ ഖബറടക്കും.  

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More