മുഖ്യമന്ത്രി പിണറായി വിജയൻ ദിവസേന നടത്തുന്ന വാർത്താ സമ്മേളനത്തിന്റെ സമയത്തിൽ മാറ്റം. ആറ് മണിക്കുള്ള വാർത്താ സമ്മേളനം അഞ്ച് മണിയിലേക്ക് മാറ്റി. നാല് മണിക്ക് നടത്തുന്ന മന്ത്രി സഭാ അവലോകന യോഗവും അതിനനുസരിച്ച് നേരത്തെയാക്കുമെന്നും റിപ്പോർട്ട് ഉണ്ട്.
റംസാൻ നോമ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വൈകീട്ട് അഞ്ച് മണിയിലേക്ക് മാറ്റിയത്. വൈകീട്ട് 6-നും 7-നും നോമ്പു തുറ സമയമായതിനാലാണ് വാർത്താസമ്മേളനം 5 മണിയിലേക്ക് മാറ്റിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിലധികമായി ദിവസേന ആറ് മണിമുതൽ ഏഴ് വരെയായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയിരുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇടുക്കി 4, കോഴിക്കോട് 2, കോട്ടയം 2, തിരുവനന്തപുരം 1, കൊല്ലം 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. 447 പേർക്കാണ് കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 129 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രോഗബാധ സ്ഥിരീകരിച്ച 4 പേർ അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. 2 പേർ വിദേശത്ത് നിന്ന് എത്തി. 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.