ഡല്‍ഹി: ആർ എസ് പി ദേശീയ സമ്മേളന വേദിയിൽ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ ജയറാം രമേശ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസിന്റെ കൂടി ജനറല്‍ സെക്രട്ടറിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. യെച്ചൂരിക്ക് സിപിഎമ്മിനേക്കാള്‍ സ്വാധീനം കോണ്‍ഗ്രസിലുണ്ടെന്ന് തോന്നാറുണ്ടെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയ്ക്ക് കോണ്‍ഗ്രസ് നേതൃത്വവുമായി പ്രത്യേക സമവാക്യമുണ്ടെന്നും ജയ്റാം രമേശ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് മുന്‍പ് ഒരിക്കലും കടന്നുപോകാത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നു പോയികൊണ്ടിരിക്കുന്നത്. ഇതിനെ തരണം ചെയ്യണമെങ്കില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒന്നിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ജയറാം രമേശ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആദ്യമായിട്ടല്ല ജയറാം രമേശ് സീതാറാം യെച്ചൂരിയെ പ്രശംസിച്ച് സംസാരിക്കുന്നത്. സീതാറാം യെച്ചൂരി സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയാണെങ്കില്‍ അദ്ദേഹത്തെ കോണ്‍ഗ്രസിന്റെ വിസിറ്റിംഗ് സെക്രട്ടറിയെന്ന് താന്‍ വിശേഷിപ്പിക്കാറുണ്ടെന്ന് ജയറാം രമേശ് നേരത്തെ പറഞ്ഞിരുന്നു. യെച്ചൂരി പ്രതിപക്ഷ ഐക്യത്തെ സ്വാഗതം ചെയ്യുന്നയാളാണ്. കൂടാതെ അദ്ദേഹം ജനാധിപത്യവാദിയാണ്. സീതാറം യെച്ചൂരി നന്നായി വായിക്കുകയും പഠിക്കുകയും ചെയ്യുമെന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടിരുന്നു. ദേശിയ ബിജെപി വിരുദ്ധ മുന്നണി രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം അനിവാര്യമായ സാഹചര്യത്തിലാണ് ജയറാം രമേശിന്റെ പ്രതികരണം. എന്നാല്‍ കേരളത്തില്‍ യു ഡി എഫും -എല്‍ ഡി എഫും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായി തുടരുകയാണ്.