മാഡ്രിഡ്: സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരണപ്പെട്ടത് 687 പേരാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 80 പേരുടെ വര്‍ദ്ധനവാണ് 24 മണിക്കൂറില്‍ മരണനിരക്കില്‍ രേഖപ്പെടുത്തിയത്. സ്പെയിനില്‍ ആകെ ഇതിനകം 20,002- പേര്‍ മരണപ്പെട്ടു. 1,90,839 പേര്‍ക്കാണ് രാജ്യത്ത് രോഗ ബാധയുണ്ടായത്. വ്യാഴാഴ്ച വരെയുള്ള നാലു ദിവസങ്ങളില്‍ മരണനിരക്ക് 450 നും 500 നും സ്ഥിരത നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇന്നത്തെയും ഇന്നലത്തേയും നിരക്കുകള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. വെള്ളിയാഴ്ച രോഗികളുടെ എണ്ണത്തില്‍ ഏകദേശം മൂവായിരത്തിന്‍റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം സ്പെയിന്‍ 5,891പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ദിനംപ്രതിയുള്ള മരണനിരക്ക് ആയിരത്തിനു മുകളില്‍ പോയിരുന്ന അവസ്ഥയില്‍ നിന്ന് താഴോട്ടുള്ള ഈ വരവ് ആരോഗ്യപ്രവര്‍ത്തകരിലും സ്പെയിന്‍ സര്‍ക്കാരിലും വലിയതോതില്‍ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. ഞായര്‍ മുതലുള്ള ദിവസങ്ങളില്‍ മരണനിരക്ക് ആയിരത്തില്‍ താഴെ അഞ്ഞൂറിന് തൊട്ടു മുകളിലും താഴെയുമായി പിടിച്ചുനിര്‍ത്താന്‍ സ്പെയിനിനു സാധിച്ചിട്ടുണ്ട്. അതില്‍തന്നെ കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി അഞ്ഞൂറിന് തൊട്ടുമുകളിലും താഴെയുമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ മരണനിരക്ക് അല്പം ആശങ്കയുണ്ടാക്കുന്നതാണ്. ആദ്യം കൊറോണ ബാധയുണ്ടായ ഇറ്റലിയെ കവച്ചുവെക്കുന്ന തരത്തില്‍ മുന്നോട്ടുപോയ സ്പെയിന്‍ സാധാരാണ നില വീണ്ടെടുക്കുന്നതിന്‍റെ സൂചനയായി വിലയിരുത്താന്‍ പക്ഷേ കുറച്ചു ദിവസങ്ങള്‍കൂടി കാത്തിരിക്കേണ്ടിവരും.