തിരുവനന്തപുരം: പ്രമുഖ ഓണ്‍ലൈന്‍ പഠന ആപ്ലിക്കേഷനായ ബൈജൂസ് കേരളത്തിലെ പ്രവര്‍ത്തനം തുടരുമെന്ന് ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും തിരുവനന്തപുരത്തെ ഡെവലപ്‌മെന്റ് സെന്റര്‍ ബംഗളുരുവിലേക്ക് മാറ്റില്ലെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ടെക്‌നോ പാര്‍ക്കിലെ ബൈജൂസ് ഡെവലപ്‌മെന്റ് സെന്റര്‍ തിരുവനന്തപുരത്തുതന്നെ തുടരാന്‍ തീരുമാനമായത്.
സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ ജീവനക്കാരെ ബംഗളുരുവിലേക്ക് മാറ്റാനും കുറച്ചുപേരേ പിരിച്ചുവിടാനും കമ്പനി തീരുമാനിച്ചത്. ഇതോടെ കമ്പനിയുടെ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന ആശങ്ക പങ്കുവെച്ച് ജീവനക്കാര്‍ മുഖ്യമന്ത്രിക്കും തൊഴില്‍മന്ത്രി വി ശിവന്‍കുട്ടിക്കും കത്തയക്കുകയായിരുന്നു. കേരളത്തില്‍ 11 ഓഫീസുകളിലായി മുവായിരത്തോളം ജീവനക്കാരാണ് ബൈജൂസിനുളളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'എന്റെ വേരുകള്‍ കേരളത്തിലാണ്. ജീവനക്കാരുടെ പ്രശ്‌നം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. തിരുവനന്തപുരത്തെ ഓഫീസിലൂടെയുളള പ്രവര്‍ത്തനങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ തുടരാന്‍ തീരുമാനമായി. 140 ജീവനക്കാര്‍ക്കും തിരുവനന്തപുരത്തുതന്നെ ജോലി തുടരാം'-ബൈജു രവീന്ദ്രന്‍ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസ് മൂന്ന് ഓഫീസുകള്‍ കൂടി കേരളത്തില്‍ ആരംഭിക്കുന്നുണ്ട്. ഇതോടെ കേരളത്തിലെ ബൈജൂസിന്റെ ഓഫീസുകളുടെ എണ്ണം പതിനാലാകും. ജീവനക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ടാവും.