തിരുവനന്തപുരം: എ കെ ജി സെന്‍റര്‍ ആക്രമിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ജിതിന്‍ പിടിയിലായതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. ജിതിന്‍ ഒറ്റക്കാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നില്ലെന്നും സംഭവത്തില്‍ പങ്കുള്ള എല്ലാവരെയും പൊലീസ് കണ്ടെത്തുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എ കെ ജി സെന്‍ററിന് നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സംഭവം നടന്നതിന് പിന്നാലെ സി പി എം തന്നെ ചെയ്യിച്ചതാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് രാവിലെയാണ് ജിതിന്‍ കുളത്തൂര്‍ പിടിയിലായത്. തിരുവനന്തപുരം മണ്‍വിള സ്വദേശിയായ ജിതിന്‍ ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ്. ജിതിനാണ് എ കെ ജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞതെന്നും കൂടുതല്‍ ചോദ്യംചെയ്യലുകള്‍ക്കുശേഷമായിരിക്കും അറസ്റ്റുള്‍പ്പെടെയുളള നടപടികളിലേക്ക് കടക്കുകയെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ജിതിന്‍ നിലവില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്.
ജൂലൈ മുപ്പതിന് രാത്രി പതിനൊന്നരയോടെയാണ് എ കെ ജി സെന്ററിനുനേരേ ആക്രമണമുണ്ടാവുന്നത്. സംസ്ഥാനത്തുടനീളം വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യം മാത്രമായിരുന്നു ഏക തെളിവ്. അന്വേഷണ സംഘം നൂറിലേറേ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പ്രതി സഞ്ചരിച്ചതെന്ന് കരുതുന്ന മോഡല്‍ വാഹനം ഉപയോഗിക്കുന്നവരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ആക്രമണം നടന്ന് രണ്ടര മാസത്തിനുശേഷമാണ് പ്രതിയെ പിടികൂടുന്നത്.