കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ദിലീപിനെ പിന്തുണച്ച മുന്‍ ജയില്‍ ഡിജിപി ശ്രീലേഖ ഐ പി എസിനെ വെല്ലുവിളിച്ച് മാധ്യമപ്രവര്ത്തകന് എംവി നികേഷ് കുമാര്‍. തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തിയ ശ്രീലേഖ തത്സമയ അഭിമുഖത്തിന് തയാറാണോ എന്നാണ് നികേഷ് കുമാര്‍ ചോദിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു നികേഷിന്റെ ചോദ്യം.
'ശ്രീലേഖയുടെ യൂട്യൂബ് വെളിപ്പെടുത്തലുകള്‍ ദൃശ്യമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഒരു തത്സമയ അഭിമുഖത്തിന് തയാറുണ്ടോ മാഡം? നിങ്ങള്‍ പറയുന്ന സ്ഥലം, സമയം, തിയതി. പറയുന്നത് മുഴുവന്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ടിവിയിലും സോഷ്യല്‍ മീഡിയയിലും'-നികേഷ് കുമാര്‍ ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നും പള്‍സര്‍ സുനി ദിലീപിനൊപ്പം നില്ക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നുമാണ് ശ്രീലേഖ ഐപിഎസ് തന്റെ യൂട്യൂബ് ചാനലായ സസ്നേഹം ശ്രീലേഖയിലൂടെ ആരോപിച്ചത്. ദിലീപും പള്‍സര്‍ സുനിയും കണ്ടതിന് തെളിവുകളില്ല. ഒരേ ടവര്‍ ലൊക്കേഷനില്‍ രണ്ടുപേരും വന്നു എന്നത് തെളിവായി കണക്കാക്കാനാവില്ല. ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണ്. പൊലീസിനുമേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നൊക്കെയാണ് അവര്‍ തന്റെ യൂട്യുബ് ചാനലിലൂടെ ആരോപിച്ചത്.