അശ്ലീല വീഡിയോ ബോംബ് ആവിയായോ?, നിലനില്‍പ്പുനോക്കി മനോരമ മുട്ടിലിഴയുകയാണ് - ജി ശക്തിധരന്‍

അശ്ലീല വീഡിയോ ബോംബ് ആവിയായോ?

തൃക്കാക്കരയിലെഒരു മാസം നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ മുഴുവൻ പ്രഭയും ചോർത്തിക്കളഞ്ഞ അശ്ലീല വീഡിയോ  വിവാദത്തിന് ഒരു തുമ്പുമില്ലാതെ ത്രിശങ്കുവിൽ  നിർത്തുന്നത് മലയാളികൾക്ക് അപമാനകരമാണ്. സ്ഥാനാർഥി ഏദൻ തോട്ടത്തിൽ നിന്ന് ഇറങ്ങിവന്നതൊന്നുല്ലല്ലോ. സഭയിൽ നിന്ന് പടിയിറങ്ങി വന്നു എന്ന് വേണമെങ്കിൽ പറയാം. അപ്പോഴും ആദരണീയരായ പിതാക്കന്മാരുടെ  കാവലിൽ തന്നെയായിരുന്നല്ലോ . 

പാശ്ചാത്യ നാടുകളിലും മറ്റും തെരെഞ്ഞെടുപ്പ് വേളയിൽ പൊട്ടുന്ന ഉഗ്ര ബോംബാണ് അശ്ലീല വീഡിയോ.പലതും കൃത്രിമമായി  നിർമ്മിക്കുന്നതാണ്. അമേരിക്കയിൽ ഇത് ഒരു വ്യവസായമാണ്. കഴിഞ്ഞ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലും ട്രംപിനെതിരെ  നിരവധി അശ്ലീല വീഡിയോകൾ ഇറങ്ങിയിരുന്നു. പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ പോലും അമേരിക്കയിൽ ഇത് സർവ്വസാധാരണമാണ്. അവിടെ അതിനൊന്നും ആരും ചെവികൊടുക്കാറില്ല, പണ്ട് ഇത്തരം വാർത്തകൾ ന്യൂയോർക് ടൈംസ് ഒന്നാം പേജിൽ കൊടുക്കില്ലായിരുന്നു. കേരളത്തിലും ഇങ്ങിനെ ഉണ്ടായിട്ടുണ്ടെങ്കിൽ, അത് നടാടെയാണ്. മന്ത്രിമാർ തന്നെയാണ് ഈ ധർമ്മച്യുതിക്കെതിരെ പ്രചാരണവുമായി നാട് ചുറ്റുന്നത്. ചില മാധ്യമങ്ങൾ അത് ഏറ്റെടുത്ത് കൊടിമുടിയിൽ എത്തിച്ചു. ഇപ്പോൾ ആ മാധ്യമങ്ങൾ ത്രിശങ്കുവിലാണ്. എന്തുകൊണ്ട് ഈ മാധ്യമങ്ങൾ സത്യം പുറത്തുകൊണ്ടുവരണമെന്നു ശക്തിയുക്തം ആവശ്യപ്പെടുന്നില്ല?.

സർക്കാർ വിരുദ്ധ പത്രമെന്ന ചാപ്പ കുത്തിയിരുന്ന മലയാളമനോരമയുടെ കഴിഞ്ഞ ഒരു മാസത്തെ ഫയൽ തുറന്ന് സൂക്ഷ്മ നിരീക്ഷണത്തിന്  വിധേയമാക്കിയാൽ ആ പത്രത്തിന്റെ പുതിയ വിധേയത്വത്തിന്റെ വേരുകൾ കാണാം. അന്നന്ന് വാഴുന്നവരുടെ വാളിന് എണ്ണയിട്ടുകൊടുത്താലേ പത്രത്തിന് ഇന്നത്തെ പ്രതിസന്ധി മറികടക്കാനാകൂ. അത് തന്നെ അവരുടെ  ചാനലിന്റെ യും അവസ്ഥ. വയറ്റുപ്പിഴപ്പ് മാധ്യമമായി അത് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. പരസ്യം അവരുടെ ഓഫീസിൽ കൊണ്ട് കൊടുത്താൽ പോലും പ്രസിദ്ധീകരിക്കാൻ നീണ്ട അവധിവെച്ചിരുന്ന   ആ പത്രം വാർഡ് തോറും പരസ്യമേളകൾവെച്ച്  ഇപ്പോൾ പരസ്യം പിടിക്കുകയാണ്. കാരണഭൂതൻ കോപിച്ചാൽ കട പൂട്ടും.

മനോരമ നല്ല വിലയ്ക്ക്‌ തലയിൽ കയറ്റിവെച്ചതാണ്  "അശ്ലീല വീഡിയോ" വിവാദം. അത് മറ്റു പത്രങ്ങളും ഏറ്റെടുക്കാൻ പാകത്തിൽ പ്രചാരണ വിഭാഗം വികസിപ്പിച്ചെടുത്തു. ഇതൊന്ന് കാണാമെന്ന വികാരം ജനങ്ങളിൽ സൃഷ്ട്ടിച്ചു. പക്ഷെ ഈ വീഡിയോ എവിടെയുണ്ട് എന്ന് തെരയുന്നവർ വിഡ്ഢികളായി. ഒരിടത്തും ആരും കണ്ടിട്ടില്ല. പക്ഷെ പ്രതിപക്ഷനേതാവ് വി ഡി സതീശന് പാകമാകുന്ന തരത്തിൽ  ഒരു മുൾക്കിരീടം കൂടി  മനോരമ ഉണ്ടാക്കിക്കൊടുത്തു. ഇങ്ങിനെ ഒരു അശ്ലീല വീഡിയോയെ കുറിച്ച് ആദ്യം വെടിപൊട്ടിച്ച മന്ത്രിയോട്  ഇതിന്റെ ഉറവിടത്തെക്കുറിച്ചു  ഈ പത്രം ഒരക്ഷരം ചോദിക്കുന്നില്ല. പൊട്ടങ്കളി മാത്രം. കോടികൾ ആണ്  ഇതിലൂടെ മറിയുന്നത്. വ്യാജ വീഡിയോ എന്ത് പൊതിയാത്തേങ്ങയെന്ന് ഇപ്പോഴും ആർക്കും തിട്ടമില്ല. അനായാസം മാധ്യമ ലോകത്തിന്റെ കൊമ്പത്തു  കയറ്റിയെങ്കിലും ഇപ്പോൾ പിടിവിട്ടുപോയി. സംസ്ഥാന മന്ത്രിമാർ പറഞ്ഞാണല്ലോ വിവരം ജനങ്ങൾ അറിയുന്നത്. മന്ത്രിമാർ ഇത് കണ്ടോ? 

വൻകിട മാധ്യമങ്ങൾക്ക് അടക്കം കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നും അതിന് സർക്കാരിനെ പിണക്കാത്ത നയമേ സ്വീകരിക്കാനാകൂ എന്നും പറഞ്ഞാൽ മനസിലാക്കാം. കുനിയാൻ പറഞ്ഞാൽ മുട്ടിട്ടു ഇഴയുന്നത് ലജ്ജാവഹമാണ്. ഈ തെരെഞ്ഞെടുപ്പിൽ പാർട്ടികൾ  മുടക്കിയ പണത്തിന്റെ വലിയൊരു പങ്ക് പോയത് വൻകിട പത്രങ്ങൾക്കാണ്. അതിന്റെ പ്രതിഫലമാകാം വ്യാജ വീഡിയോ വാർത്താ സൃഷ്ടി. 

ഇതിന്റെ തിരക്കഥ പാളിപ്പോയതുകൊണ്ടാകാം പെട്ടെന്ന്  ആന്റിക്‌ളൈമാക്‌സ്  കാണേണ്ടിവന്നത്. എന്ത് കൊണ്ട് അത്  കണ്ടുപിടിച്ചു യഥാർത്ഥ കുറ്റവാളിയെ ജയിലിലടച്ച്‌ നടപടി എടുക്കുന്നില്ല. ഇതിന്മേൽ ഗൗരവതരമായ അന്വേഷണം നടത്തുന്നില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപുകളിൽ ഒരു ടൈം ബോംബായി പുതിയ വീഡിയോ ബോംബുകൾ പൊട്ടാം. അതിന് അവസരം കൊടുക്കുകയല്ലേ  ഈ നിഷ്‌ക്രിയത്വം. എന്തുകൊണ്ടാണ്  ഈ ഉദാസീനത? അതോ ഇതൊരു ഉണ്ടയില്ലാ വെടിയാണോ ? എങ്കിൽ അത് ക്രൂരമാണ്.

മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്ന സർക്കാർ ജീവനക്കാരെ ഗളഹസ്തം ചെയ്യുന്ന ഒരു സംസ്ഥാനത്തു ഇങ്ങിനെ ഒരു സ്ഥാനാർത്ഥിയെ അവഹേളിച്ചാൽ  മൂക്കെങ്കിലും ചെത്തണ്ടേ. അതല്ലേ അതിന്റെ രീതി.  ഇതിന്റെ പേരിൽ ജോലി പോക്കായ എത്രയോ പേരുണ്ട്.

തിരക്കഥയിലെ ഒന്നാം ഭാഗം ജോർ ആയിരുന്നു. അത്ര തന്മയത്വത്തോടെയായിരുന്നല്ലോ പലരുടെയും  അഭിനയം. ദുഃഖഭാരം  കൊണ്ട് കഥന കഥ  വിവരിക്കാൻ  ബുദ്ധിമുട്ടുന്നത് കാണുമ്പോൾ ആരുടെ മനസാണ് അലിയാതിരിക്കുന്നത്. അപ്പോഴും ഒരു സംശയം അവശേഷിക്കുന്നു. എന്തുകൊണ്ട് യഥാർത്ഥ പ്രതിയെ പിടികൂടണമെന്ന ആവശ്യം ഈ കുടുംബം മുഖ്യമന്ത്രിയുടെ മുന്നിൽ ഉയർത്തുന്നില്ല? ആർക്കും എന്തും ചെയ്യാം എന്ന അവസ്ഥയിലേക്ക്  കേരളത്തെ നമ്മൾ അറിഞ്ഞുകൊണ്ട് തള്ളിവിടാമോ? രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്കും പെണ്മക്കൾ ഉണ്ടെന്നും അവർക്കു മാനഹാനി ഉണ്ടാക്കുന്ന ഒന്നും അനുവദിച്ചുകൂടെന്നും സർക്കാർ ആവർത്തിച്ചു  ഉറപ്പുനൽകേണ്ടേ. ഏതെങ്കിലും ഉണ്ണാമൻമാരുടെ കീഴിലല്ലല്ലോ മലയാളികൾ  ജീവിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 1 day ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 5 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More