ഡല്‍ഹി: ബിഹാറില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് പ്രഖ്യാപിച്ചതിനുപിന്നാലെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമായുളള ബന്ധത്തെക്കുറിച്ച് തുറന്നുസംസാരിച്ച് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. രാഹുല്‍ ഗാന്ധിയോട് തന്നെ താരതമ്യം ചെയ്യരുതെന്നും അദ്ദേഹത്തിനുമുന്നില്‍ വളരെ ചെറുതാണ് താനെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
'രാഹുല്‍ ഗാന്ധിയുമായി എനിക്ക് യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹം വളരെ വലിയ മനുഷ്യനാണ്. ഞാനൊരു സാധാരണ കുടുംബത്തില്‍നിന്നുളളയാളാണ്. രാഹുല്‍ ഗാന്ധിയെപ്പോലൊരു വ്യക്തിയുമായി എനിക്ക് എന്ത് പ്രശ്‌നമുണ്ടാവാനാണ്. അദ്ദേഹവും ഞാനും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. രാഹുല്‍ ഗാന്ധി എന്നെ വിളിച്ചു. സംസാരിച്ചു. അദ്ദേഹം ഇങ്ങോട്ട് വിളിച്ചില്ലായിരുന്നെങ്കില്‍, സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. ഞാനൊരിക്കലും രാഹുല്‍ ഗാന്ധിക്ക് തുല്യനല്ല'- പ്രശാന്ത് കിഷോര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസുമായുളള ചര്‍ച്ചകള്‍ അവസാനിച്ചോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, അത് അവസാനത്തിന്റെയോ ഇടവേളയുടെയോ ഒന്നും കാര്യമല്ല. പാര്‍ട്ടി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് എന്റെ കാഴ്ച്ചപ്പാടുകള്‍ പങ്കുവെക്കാന്‍ അനുവദിക്കുകയും ഞാന്‍ പറയുന്നത് അവര്‍ കേള്‍ക്കുകയും ചെയ്തു എന്നത് തന്നെ വലിയ കാര്യമാണ്. ഞാന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന് പ്രശാന്ത് കിഷോറിന്റെ ആവശ്യമില്ല. പ്രശാന്ത് കിഷോറിനേക്കാള്‍ കൂടുതല്‍ അറിവും കഴിവും പരിചയവുമുളളവര്‍ കോണ്‍ഗ്രസിനകത്തുണ്ട് എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.