കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ വിചാരണക്കിടെ ദിലീപ് രോഷാകുലനായെന്ന് പ്രോസിക്ക്യൂഷന്. ചോദ്യം ചെയ്യലിനിടെ നേരത്തെ നല്കിയ മൊഴികളിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ദിലീപ് രോഷാകുലനായി ചാടിയെഴുന്നേറ്റെന്നും സഹകരിക്കില്ലെന്ന് പറഞ്ഞെന്നും പ്രോസിക്ക്യൂഷന് കോടതിയെ അറിയിച്ചു. നിങ്ങളെന്നെ വെറുതെ കേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുകയാണ്. അന്വേഷണത്തില്‍ സഹകരിക്കില്ല എന്നാണ് ദിലീപ് പറഞ്ഞത്.
നേരത്തെയും അന്വേഷണവുമായി സഹകരിക്കില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ദിലീപും മറ്റ് പ്രതികളും അന്വേഷണസംഘത്തോട് നിസഹകരിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ ഹാജരാക്കാമെന്നും പ്രോസിക്ക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. ചോദ്യംചെയ്യലിലുടനീളം എല്ലാ പ്രതികളും ഇത്തരത്തിലാണ് പെരുമാറിയതെന്നും പ്രൊസിക്ക്യൂഷന് കോടതിയില്‍ പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ഗൂഢാലോചനാ കേസില്‍ പ്രധാന തെളിവുകളായ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്കി. ആറ് ഫോണുകളും കസ്റ്റഡിയില്‍ വേണമെന്നും അവ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധിക്കണമെന്നുമാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഫോണുകള്‍ ആര്‍ക്ക് കൈമാറണമെന്ന കാര്യത്തില്‍ കീഴ്ക്കോടതിക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിനുപിന്നാലെയാണ് ക്രൈംബ്രാഞ്ച് ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.