ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ചു പായിപ്പാട് കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയ സംഭവത്തിൽ 2000 പേർക്കെതിരെ കേസെടുത്തു. ഒരാളെ അറസ്റ്റു ചെയ്തു. ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. പായിപ്പാട് അതിഥി തൊഴിലാളികളെ വിളിച്ചുവരുത്തി കൂട്ടം ചേരാന്‍ ആഹ്വാനം ചെയ്തെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ രാത്രി തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.
അതേസമയം, പായിപ്പാട് പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകളിൽ ഇന്ന് രാവിലെ മുതൽ ലേബർ ഓഫീസർ, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തും. വൈകിട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ ക്യാംപ് ഉടമകളുമായി ചർച്ച നടത്തുകയും ചെയ്യും. ഭക്ഷണം ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് പോകാന്‍ വാഹനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. ആയിരക്കണക്കിനു പേരാണ് സംഘടിച്ചത്. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്ന് കൂടുതല്‍ പൊലീസെത്തിയാണ് സ്ഥിഗതികൾ ശാന്തമാക്കിയത്.