രോഗം ഒരു കുറ്റമാണോ? ആശുപത്രിയിൽ അഡ്മിറ്റ് ആയ ഒരു രോഗിയെ മാനസികമായി പീഡിപ്പിക്കുന്നതു ശരിയാണോ? - കെ.സി ജോസഫ്

ഇടുക്കിയിലെ കൊറോണ രോഗബാധിതനായ കോൺഗ്രസ്സ് നേതാവിനെകുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന 'നിർഭാഗ്യകര'മെന്ന് കോണ്‍ഗ്രസിന്‍റെ ഇരിക്കൂര്‍ എം.എല്‍.എ കെ.സി. ജോസഫ്. 'രോഗം ഒരു കുറ്റമാണോ? ആശുപത്രിയിൽ അഡ്മിറ്റ് ആയ ഒരു രോഗിയെ മാനസികമായി പീഡിപ്പിക്കുന്നതു ശരിയാണോ? ബഹുമാനപ്പെട്ട മുഖ്യമന്ത്രി, അങ്ങയുടെ പരാമർശം അങ്ങ് വഹിക്കുന്ന ഉന്നത പദവിക്ക് അനുയോജ്യമായില്ല' എന്നാണ് അദ്ദേഹത്തിന്‍റെ വിമര്‍ശം. അതേസമയം, രോഗബാധിതനായ നേതാവുമായി അടുത്തിടപഴകിയ കെ.സി. ജോസഫ് സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും കാണിച്ചില്ലെങ്കിലും പ്രതിരോധ നടപടിയെന്നോണമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

കെ.സി ജോസഫിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

രോഗം ഒരു ക്രിമിനൽ കുറ്റമോ?

രോഗം ഒരു ക്രിമിനൽ കുറ്റമല്ല എന്നാണ് എന്റെ വിശ്വാസം. ഇടുക്കിയിലെ കൊറോണ രോഗബാധിതനായ കോൺഗ്രസ്സ് നേതാവ് ഞങ്ങളുടെ സഹപ്രവർത്തകൻ ശ്രീ എ പി ഉസ്മാനാണ്. ഇന്നലെ പത്രസമ്മേളനത്തിൽ ബഹു. മുഖ്യമന്ത്രി കാര്യങ്ങൾ വേണ്ടവിധം മനസ്സിലാക്കാതെ ഇടുക്കിയിലെ കോൺഗ്രസ്സ് നേതാവ് നിരുത്തരവാദപരമായി പെരുമാറിയെന്ന് കുറ്റപ്പെടുത്തിയത് വളരെ നിർഭാഗ്യകരമായിപ്പോയി.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ സംഘടനാ നേതാവായ ഉസ്മാൻ അവരുടെ സമരത്തിനും, മറ്റ് സാമൂഹ്യ ആവശ്യങ്ങൾക്കുമായി യാത്ര ചെയ്ത് മാർച്ച് 11ന് തിരുവനന്തപുരത്ത് വന്നപ്പോൾ എം എൽ എ ഹോസ്റ്റലിലെ എന്റെ ഓഫീസിലും, നിയമസഭയിലും വന്നിരുന്നു. രോഗം ഉണ്ടായിരുന്നോ എന്ന നേരിയ സംശയം പോലും അന്ന് ഉസ്മാന് ഉണ്ടായിരുന്നില്ല. ഉണ്ടെങ്കിൽ അദ്ദേഹം ഒരിക്കലും യാത്ര ചെയ്യുമായിരുന്നില്ല. മാർച്ച് 16 നും 18 നും പനിയെ തുടർന്ന് ഉസ്മാൻ ഇടുക്കി ജില്ലാ ആശുപത്രിയിൽ പോയി വിവരം പറഞ്ഞ് മരുന്നു വാങ്ങി. ആശുപത്രിയിൽ നിന്നും മറ്റൊരു സൂചന പോലും ഉസ്മാന് നൽകിയിരുന്നില്ല. 16ന് ശേഷം പള്ളിയിൽ നിസ്കാരത്തിന് പോയതല്ലാതെ മറ്റൊരിടത്തും ഉസ്മാൻ പോയിട്ടില്ല. രോഗം വിട്ടുമാറാതെ വന്നപ്പോൾ വീണ്ടും മാർച്ച് 23നും 24നും ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് രക്ത പരിശോധനയും സ്രവ പരിശോധനയും നടത്തിയത്. 26 ന് രോഗം സ്ഥിരീകരിച്ച ഉസ്മാനെ ആശുപത്രിയിലേക്ക് മാറ്റി. രോഗം ഉണ്ടെന്നറിയാതെ, ഒരു സംശയവും ഇല്ലാതെ യാത്ര ചെയ്ത ഉസ്മാനാണോ , 16നും 18 നും ആശുപത്രിയിൽ പോയപ്പോൾ ഒരു നിർദ്ദേശവും നൽകാതെ പറഞ്ഞുവിട്ട ആശുപത്രി അധികൃതരാണോ നിരുത്തരവാദപരമായി പെരുമാറിയതെന്ന് മുഖ്യമന്ത്രി പരിശോധിക്കണം. കുറ്റപ്പെടുത്തുവാൻ ഒരു കോൺഗ്രസ്സ് നേതാവിനെ കിട്ടിയ സന്തോഷത്തിലായിരിക്കാം, മറ്റൊന്നും ആലോചിക്കാതെ കോൺഗ്രസ്സ് നേതാവ് നിരുത്തരവാദപരമായി പെരുമാറിയതെന്ന് മുഖ്യമന്ത്രി പറഞ്ഞത്. രോഗം ഒരു കുറ്റമാണോ? ആശുപത്രിയിൽ അഡ്മിറ്റ് ആയ ഒരു രോഗിയെ മാനസികമായി പീഠിപ്പിക്കുന്നതു ശരിയാണോ? ബഹുമാനപ്പെട്ട മുഖ്യമന്ത്രി ? അങ്ങയുടെ പരാമർശം അങ്ങ് വഹിക്കുന്ന ഉന്നത പദവിക്ക് അനുയോജ്യമായില്ല.

ഒരു കാര്യം കൂടി. മാർച്ച് 17 ന് ശേഷം ഞാൻ വീടിനു പുറത്തു ഇറങ്ങിയിട്ടില്ല. ഉസ്മാൻ എന്നെ കണ്ടത് മാർച്ച് 11 നാണ്. അതിനു ശേഷം മാർച്ച് 26 നാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഞാൻ ഈ കാര്യം ഡോക്ടറന്മാരെ അറിയിച്ചു. ഞാൻ ഉസ്മാനെ കണ്ടതിനുശേഷം 15 ദിവസം കഴിഞ്ഞിട്ടും എനിക്ക് അസുഖ ലക്ഷണം ഒന്നുമില്ലാത്തതിനാൽ എനിക്ക് പ്രശ്നമൊന്നുമില്ലെന്നാണ് ഡോക്ടർമാർ എന്നോട് പറഞ്ഞത്. എങ്കിലും ഞാൻ ഹോം ക്വാറന്റയിനിൽ തന്നെയാണ്. പോരെങ്കിൽ വീട് വിട്ട് പുറത്തിറങ്ങരുതെന്നാണല്ലോ ഇപ്പോൾ സർക്കാർ നിർദ്ദേശം. അത് പൂർണമായും അനുസരിക്കും.

ഏതായാലും നമുക്ക് കൂടുതൽ ജാഗ്രത പാലിക്കാം. തീർച്ചയായും നമ്മുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഈ മഹാമാരിയെ അതിജീവിക്കുവാൻ കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം, സംശയമില്ല. സ്നേഹപൂർവ്വം കെ സി ജോസഫ് എം എൽ എ

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More