ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കോടതിയുടെ വിധി മാനിക്കുന്നില്ലെന്ന് സുപ്രീം കോടതി. ''വിധികളെ ബഹുമാനിക്കുന്നില്ല, സുപ്രീം കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികള്‍ നല്‍കുന്ന ശുപാര്‍ശകള്‍ പരിഗണിക്കുകയോ അതില്‍ തീരുമാനമെടുക്കുകയോ ചെയ്യുന്നില്ല. കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്'' എന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് ആരോപിച്ചു. ട്രിബ്യൂണലുകളില്‍ നിയമനം നടത്താത്തതിനെ വിമര്‍ശിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
കോടതിയുടെ നിയമന ശുപാര്‍ശകളില്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുന്നില്ല. കോടതികളിലെ ജഡ്ജിമാരെപ്പോലും സര്‍ക്കാരിന് വിശ്വാസമില്ലാതായോ എന്ന് കോടതി ചോദിച്ചു. ഇന്റലിജന്‍സ് ബ്യൂറോയുടെ ക്ലിയറന്‍സ് ലഭിച്ചവരെയാണ് ജഡ്ജിമാരായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. തീരുമാനം കൈക്കൊള്ളാത്തതിനാല്‍ നിയമനം വൈകുകയാണ്. ഇക്കാര്യത്തില്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ട്രിബ്യൂണലുകളില്‍ നിയമനം നടത്താത്തതിനെയും ട്രിബ്യൂണല്‍ പരിഷ്കരണ നിയമത്തെയും കോടതി വിമര്‍ശിച്ചു. ഈ നിയമത്തില്‍ ഉള്‍പ്പെട്ട വ്യവസ്ഥകള്‍ മദിരാശി ബാര്‍ അസോസിയേഷന്‍ കേസില്‍ സുപ്രീം കോടതി റദ്ദാക്കിയതാണ്. കോടതി തള്ളിയ നിയമ വ്യവസ്ഥകള്‍ എടുത്ത് നിലവിലുള്ള നിയമത്തെ പരിഷ്കരിക്കാന്‍ പാടില്ല. സുപ്രീം കോടതി വിധിക്ക് നേര്‍വിരുദ്ധമായ നിയമം പാസ്സാക്കിയത് ശരിയല്ലെന്നും ബെഞ്ചില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ട്രിബ്യൂണല്‍ പരിഷ്കരണ നിയമത്തിനെതിരായി വന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനത്തിന് വിധേയമാക്കിയത്.