ഡല്‍ഹി: കൊട്ടിയൂരില്‍ 2016-ല്‍ നടന്ന പീഡനക്കേസിലെ പ്രതി ഫാദര്‍ റോബിന് വടക്കുംചേരിയെ വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഇര സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. തനിക്കും കുഞ്ഞിനും റോബിന് വടക്കുംചേരിക്കൊപ്പം ജീവിക്കാനാണ് താല്‍പ്പര്യം. അതിന് കോടതി അനുവദിക്കണമെന്നാണ് ഹരജിക്കാരിയുടെ ആവശ്യം. വിവാഹം നടത്താനായി പ്രതിക്ക് ജാമ്യം നല്‍കണം. പ്രതിയെ വിവാഹം ചെയ്യാനുള്ള തീരുമാനം സ്വയം കൈകൊണ്ടതാണ് എന്നാണ് യുവതി നല്കിയ ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ സെയിന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചിലെ വികാരിയായിരുന്നു ഫാദര്‍ റോബിന് വടക്കുംചേരി. 2016-ല്‍ പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നതാണ് കുറ്റം. ഇതേതുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചു. കേസില്‍ പോക്സോ കോടതി 20 വര്‍ഷത്തെ കഠിന തടവ് വിധിച്ചതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന പ്രതിയെ രക്ഷിക്കാന്‍ ഇരയെ സ്വാധീനിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം സ്വയം കൈക്കൊണ്ടാതാണ് എന്ന് ഇര കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയത്.
കുറ്റകൃത്യം നടക്കുമ്പോള്‍ ഇരയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ തങ്ങള്‍ തമ്മിലുണ്ടായത് ഇരുവരുടേയും പൂര്‍ണ്ണ സമ്മതപ്രകാരമുള്ള ശാരീരിക ബന്ധമായിരുന്നുവെന്നാണ് ഇര പിന്നീട് ഹൈക്കോടതിയില്‍ പറഞ്ഞത്.