നമ്മളെല്ലാവരും മാതാപിതാക്കളുമായി വഴക്കിടാറുണ്ട്. അച്ഛനോ അമ്മയോ നമ്മെ വഴക്കുപറയുമ്പോള്‍ നാമതിനോട് പ്രതികരിക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. എന്നാല്‍ സ്‌പെയിനിലെ അലികാന്റയില്‍ മാതാപിതാക്കള്‍ വഴക്കുപറഞ്ഞതിന് ഒരു പതിനാലുകാരന്‍ ചെയ്തത് കുറച്ച് അത്ഭുതമുണ്ടാക്കുന്ന കാര്യമാണ്. വീടിനുപിന്നില്‍ കുഴിയെടുത്ത് തനിക്കായി ഒരു ഭൂഗര്‍ഭ വീടുതന്നെ നിര്‍മിക്കുകയായിരുന്നു ആന്‍ഡ്രസ് കാന്‍ഡോ എന്ന പതിനാലുവയസുകാരന്‍.
അമ്മയുമായി വഴക്കിട്ടതിന്റെ ദേഷ്യത്തിലാണ് ആന്‍ഡ്രസ് കാന്‍ഡോ വീടുനുപിറകില്‍ കുഴിയെടുക്കുന്നത്. അമ്മയോടുളള ദേഷ്യം മുഴുവന്‍ അവന്‍ കൈക്കോട്ടിനോട് തീര്‍ക്കുകയായിരുന്നു. എന്നാല്‍ ദേഷ്യം തീര്‍ന്നപ്പോളും അവന്‍ കുഴി കുഴിക്കുന്നത് നിര്‍ത്തിയില്ല. മണ്ണ് കുഴിച്ചുകൊണ്ടിരിക്കുന്നതില്‍ രസം തോന്നിയ അവന്‍ ആറ് വര്‍ഷമാണ് ആ കുഴി കുഴിച്ചുകൊണ്ടിരുന്നത്.
കുഴിയെടുത്തുതുടങ്ങി ആറ് വര്‍ഷം പിന്നിട്ടപ്പോള്‍ ആ പതിനാലുകാരന്‍ ഇരുപതുകാരനായി. ഒപ്പം അവന് സ്വന്തമായി ഒരു വീടും ഉണ്ടായി. സ്‌കൂള്‍ വിട്ടുവന്നയുടന്‍ ആന്‍ഡ്രസ് തന്റെ ഭൂഗര്‍ഭ ഗുഹയില്‍ പോയിരിക്കും. അങ്ങനെയാണ് അവിടെ കുറച്ചുകൂടെ വിശാലമാക്കി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും തനിക്ക് സ്വന്തമായി ഒരിടം വേണമെന്നും അവന് തോന്നുന്നത്. തുടര്‍ന്ന് സുഹൃത്തുമായി ചേര്‍ന്ന് കുഴി വികസിപ്പിച്ച് ഒരു ഇരിപ്പിടവും കിടപ്പുമുറിയുമുണ്ടാക്കി. വാതിലും, ഇടിഞ്ഞുവീഴാതിരിക്കാന്‍ കോണ്‍ക്രീറ്റ് ഭിത്തികളുമെല്ലാം ആന്‍ഡ്രസ് വീടിനായി പണിതു.തന്റെ വീട്ടില്‍ വൈദ്യതി, ഹീറ്റര്‍, വൈഫൈ തുടങ്ങിയ സംവിധാനങ്ങളുമുണ്ടെന്ന് ആന്‍ഡ്രസ് പറഞ്ഞു.
വെറും 50 യൂറോ മാത്രമാണ് അതിനുവേണ്ടി ചിലവായതെന്ന് ആന്‍ഡ്രസ് അവകാശപ്പെടുന്നു. എന്നാല്‍ സ്വന്തമായി വീടുണ്ടെങ്കിലും അതിലെ താമസം എപ്പോഴും സുഖകരമല്ലെന്നാണ് ആന്‍ഡ്രസ് പറയുന്നത്. മഴ പെയ്യുമ്പോള്‍ വെളളപ്പൊക്കമുണ്ടാവും. കൂടാതെ പ്രാണികളുടെയും ചെറുജീവികളുടെയും ഉപദ്രവവുമുണ്ടാകാറുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക