തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരാള്‍ ഒന്നില്‍കൂടുതല്‍ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം പേര്‍ക്ക് ഇരട്ടവോട്ടുണ്ടെന്നും വിഷയത്തില്‍ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടുളള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഒരാള്‍ ഒരു സ്ഥലത്തുനിന്നും വോട്ട് മാറ്റുമ്പോള്‍ ആദ്യത്തെ സ്ഥലത്തുളള വോട്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാനുളള സാങ്കേതികവിദ്യയില്ലേയെന്നും കോടതി ചോദിച്ചു. ഇരട്ടവോട്ടുളളവരെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അനുവദിക്കരുത്, ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണം തുടങ്ങിയ കാര്യങ്ങളാവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്.
വോട്ടര്‍പട്ടികയിലെ ഇരട്ടവോട്ട് കണ്ടുപിടിക്കാന്‍ രമേശ് ചെന്നിത്തലയെ സഹായിച്ചത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഉദ്യോഗസ്ഥരാണ്. പ്രത്യേകം തയാറാക്കിയ സോഫ്റ്റ് വെയറുപയോഗിച്ചാണ് നാല് ലക്ഷത്തോളം വരുന്ന ഇരട്ട വോട്ടുകള്‍ കണ്ടെത്തിയത്.