തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും. വൈകിട്ട് 3.30ന് ആരംഭിക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുക്കും. 85,000 സ്ക്വയര്‍ വിസൃതിയുള്ള പന്തലാണ് ചടങ്ങിനായി ഒരുക്കിയിട്ടുള്ളത്.
രാവിലെ മുഖ്യമന്ത്രിയും, മറ്റ് മന്ത്രിമാരും പുന്നപ്ര വയലാര്‍ സ്മാരകത്തിലും, വലിയ ചുടുകാടിലേയും രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ 240 സീറ്റാണ് ഒരുക്കുക. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മന്ത്രിമാര്‍ അവരുടെ ഔദ്യോഗിക വാഹനത്തില്‍ ആദ്യ മന്ത്രിസഭാ യോഗത്തിനായി സെക്രട്ടറിയേറ്റിലേക്ക് പോകും. തുടര്‍ ഭരണമെന്ന ചരിത്ര നേട്ടവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ 20 മന്ത്രിമാരാണ് ഇനി കേരളം ഭരിക്കുക.