തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ യു.ഡി.ഫ് പ്രവര്‍ത്തകര്‍ കൈമെയ് മറന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടി വരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. 2019-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികള്‍ക്കും കിട്ടിയ വോട്ട് ഷെയര്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി-സിപിഎം ധാരണയുണ്ടായിരുന്നുവെന്ന് മുല്ലപ്പള്ളി ആരോപിച്ചു. അതുകൊണ്ടാണ് നാല്പതിനായിരം വോട്ട് ഉണ്ടായിരുന്ന ബിജെപി ഉപതെരഞ്ഞെടുപ്പില്‍ ഇരുപത്തിഎട്ടായിരം വോട്ടുകളിലേക്ക് ചുരുങ്ങിയത്. ബിജെപിയുടെ ബാക്കി വോട്ടുകള്‍ മുഴുവന്‍ ലഭിച്ചത് സിപിഎമ്മിനാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. 2016 ലെ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന് ലഭിച്ചത് 43,700 വോട്ടുകളാണ്. എന്നാല്‍ 2019ലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായ എസ്. സുരേഷിന് 27,543 വോട്ടുകളാണ് ലഭിച്ചത്. ഇത് മുന്‍നിര്‍ത്തിയായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.
വിഷുകിറ്റ് നേരത്തെ കൊടുക്കുന്നത് ശരിയായ കാര്യമല്ല. വിഷുവിന്റെ പേരില്‍ കിറ്റ് നേരത്തെ കൊടുക്കുന്നത് തെരഞ്ഞെടുപ്പിന് വോട്ട് കൂട്ടാനുള്ള ഇടതുപക്ഷത്തിന്റെ കളിയാണ്. ഇതിനെ ന്യായികരിക്കാന്‍ സാധിക്കില്ല. പട്ടിണിപാവങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് കോണ്‍ഗ്രസോ, യുഡിഎഫോ എതിരല്ല.
ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയെയും മുല്ലപ്പള്ളി വിമര്‍ശിച്ചു. ജനങ്ങളെ വഞ്ചിക്കുന്ന വാഗ്ധാനങ്ങളാണ് ബിജെപി പ്രകടന പത്രികയില്‍ കൊടുത്തിരിക്കുന്നതെന്നായിരുന്നു പ്രതികരണം.