ചെന്നൈ: തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തമിഴിനോടുളള സ്‌നേഹം ജനങ്ങള്‍ക്ക് മനസിലാകുമെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസന്‍. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനുശേഷമുളള ആദ്യ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഭാഷയായ തമിഴ് പഠിക്കാനാവാത്തതില്‍ ഖേദിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ പരിഹസിച്ചുകൊണ്ടാണ് കമല്‍ ഹാസന്‍ സംസാരിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം പെട്ടെന്നുണ്ടാവുന്ന തമിഴ് സ്‌നേഹത്തിന്റെ കാരണം ജനങ്ങള്‍ക്ക് മനസിലാവും. തമിഴില്‍ രണ്ടുവാക്ക് സംസാരിച്ചാല്‍ എല്ലാവരും അവര്‍ക്ക് വോട്ട് ചെയ്യുമെന്നാണ് അവര്‍ ചിന്തിക്കുന്നത്. തമിഴ്‌നാട്ടുകാരെ വില്‍പ്പനയ്ക്കു വച്ചിട്ടില്ല, അവരുടെ വോട്ടും വില്‍പ്പനക്കില്ല- കമല്‍ ഹാസന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ തമിഴ് സാഹിത്യത്തെയും കവിതയെയും കുറിച്ച് സംസാരിക്കുന്നതിനിടെയാണ് തമിഴ് പഠിക്കാത്തതില്‍ ഖേദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
അതേസമയം, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിനാണ് നടക്കുക. അധികാരത്തിലെത്തിയാല്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ചികിത്സ, സാമ്പത്തികമായി പിന്നോട്ടുനില്‍ക്കുന്ന സ്ത്രീകള്‍ക്ക് വീട്, സാനിറ്ററി നാപ്കിന്‍ വിതരണം, വീട്ടമ്മമാര്‍ക്ക് മാസശമ്പളം തുടങ്ങി സ്ത്രീകള്‍ക്കായി നിരവധി വികസന പദ്ധതികളാണ് കമല്‍ ഹാസന്‍ മുന്നോട്ടുവയ്ക്കുന്നത്.