പത്തനംതിട്ടയിൽ വെള്ളപ്പൊക്കം കാണാനെത്തിയാൾ പുഴയിൽ വീണുമരിച്ചു. അഴൂർ അമ്മിണിമുക്ക് മേലേത്ത് വീട്ടിൽ രാജൻ പിള്ളയാണ് മരിച്ചത്. 62 വയസ്സായിരുന്നു. അച്ചൻ കോവിലാറിന്റെ കൊടുന്തറയിലെ തീരം ഇടിഞ്ഞാണ് ഇയാൾ പുഴയിൽ വീണത്. ഒഴുക്കിൽപ്പെട്ട ഇയാളെ രക്ഷിക്കാനുള്ള ശ്രമം വിജയിച്ചില്ല. അഗ്നിശമന സേന പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. ശക്തമായ ഒഴുക്കുള്ള പ്രദേശമാണ് ഇത്. പുഴയിൽ വെള്ളം പൊങ്ങിയത് കാണാൻ എത്തിയതായിരുന്നു ഇയാൾ. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പ അണക്കെട്ട് തുറന്നിരുന്നു. പമ്പ നദിയിൽ 50 സെൻീമീറ്റർ വെള്ളമാണ് ഉയർന്നത്. രണ്ട് ഷട്ടറുകൾ രണ്ടടി വീതമാണ് ഉയർത്തിയത്. അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നീരൊഴുക്ക് കൂടിയാൽ ബാക്കിയുള്ള ഷട്ടറുകൾ കൂടി തുറന്നേക്കും. നാളെ രാവിലെ ഷട്ടർ തുറക്കാനാണ് സാധ്യത. 983 മീറ്റർ വെള്ളമാണ് അണക്കെട്ടിലുള്ളത്