വസ്ത്രധാരണത്തിന്റെയും നിറത്തിന്‍റെയും രൂപത്തിന്റെയും പേരിൽ നിരന്തരമായി സാമൂഹിക മാധ്യമങ്ങളില്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്ന ആളാണ് ഗായിക സയനോര. ബോഡി ഷെയ്മിംഗിനെതിരെ അവർ നിരന്തരം പ്രതികരിക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ വീഡിയോയ്ക്ക് താഴെ മോശം കമന്റുകളിട്ടവർക്ക് ഗായിക നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസം ഗായിക പങ്കുവെച്ച ഒരു വീഡിയോയ്ക്ക് നെഗറ്റീവ് കമന്റുകൾ വന്നു. ചേരുന്ന വസ്ത്രമല്ല ധരിച്ചതെന്ന തരത്തിലായിരുന്നു കമന്റുകൾ. ഇതോടെ കമന്റ് ബോക്സിലൂടെ തന്നെ അവര്‍ക്കുള്ള ചുട്ട മറുപടിയുമായി സയനോര രംഗത്തു വന്നു. ഇത് തന്റെ ജീവിതവും ശരീരവും വഴിയുമാണെന്നും ഇവിടെ നിന്ന് ഒഴിഞ്ഞു തന്നാല്‍ നന്ദി ഉണ്ടാകുമെന്നുമായിരുന്നു സയനോര പറഞ്ഞത്. തന്റേത് കറുത്ത കാലുകളാണ് അതില്‍ തനിക്ക് അഭിമാനം ഉണ്ടെന്നും ഇനിയും കാണിക്കുമെന്നും അവർ പറഞ്ഞു. കൂടാതെ ആരേയും നിർബന്ധിച്ച് പിടിച്ചുനിർത്തിയിട്ടില്ലെന്നും പറഞ്ഞതിന്റെ അര്‍ഥം മനസ്സിലാകാത്തവരാണെങ്കിൽ ഈ പേജ് അവർക്കുള്ളതല്ലെന്നും സയനോര കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഈ പേജില്‍ വന്ന് സദാചാരം വിളമ്പുന്നവരോട് ഒരു ചെറിയ അഭ്യർത്ഥന. എന്റെ ജീവിതം, എന്റെ വഴി ,എന്റെ ശരീരം. ഇവിടെ നിന്ന് ഒഴിഞ്ഞു തന്നാല്‍ വളരെ നന്ദി ഉണ്ടായിരിക്കും. ഇത്രയും പേര്‍ എന്നെ ഫോളോ ചെയ്യണമെന്ന് യാതൊരു മുൻവിധിയും ഇല്ല. കറുത്ത കാലുകളാണെങ്കിലും അത് എന്‍റെ കാലുകളാണ്. അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഇനിയും കാണിക്കുന്നതായിരിക്കും. നിങ്ങള്‍ എന്നെ കുറിച്ച് എന്ത് വിചാരിച്ചാലും ഒരു ചുക്കും ഇല്ല. ആരെയും നിർബന്ധിച്ച് നിര്‍ത്തുന്നില്ല. Live and let Live. അതിന്റെ അര്‍ഥം മനസ്സിലാകാത്തവരാണെങ്കില്‍ ഈ പേജ് നിങ്ങള്‍ക്കുള്ളതല്ല' - സയനോര കുറിച്ചു.