തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ വിയോജിപ്പുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന്റെ രാഷ്ട്രിയ ശരിയെ പറ്റിയും, ബിജെപിയെ നേരിടേണ്ടത് കേരളത്തിലോ ഉത്തരേന്ത്യയിലോ എന്നതിനെ പറ്റിയും കോണ്‍ഗ്രസ് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ പോലെ ഒരു വലിയ നേതാവ് കേന്ദ്ര സമര വേദികളില്‍ നിന്നും വഴി മാറി ഇടതു പക്ഷത്തിന്‍റെ ശക്തി കേന്ദ്രമായ കേരളത്തിലേക്ക് വരുന്നത് ഉചിതമല്ല. അങ്ങിനെ വന്നാല്‍ കോണ്‍ഗ്രസിന്‍റെ മുഖ്യ എതിരാളി ഇടതു പക്ഷമാണോ അതോ ബിജെപിയും ആര്‍എസ്എസ്സുമാണോ എന്ന ചോദ്യം അവര്‍ നേരിടേണ്ടി വരും. ബിജെപിയാണ് മുഖ്യ ശത്രുവെങ്കില്‍ മത്സരിക്കേണ്ടത് എവിടെയാണെന്ന് അവര്‍ തീരുമാനിക്കണമെന്നായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം.
ഇന്ത്യ മുന്നണി രൂപീകരിച്ച് പ്രതിപക്ഷ കക്ഷികള്‍ ഒറ്റകെട്ടായി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി സി പി ഐയ്‌ക്കെതിരെ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് പി സന്തോഷ് കുമാര്‍ എം പി നേരത്തെ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ മറ്റൊരു സംസ്ഥാനത്ത് മത്സരിച്ച് ജയിക്കണമെന്നാണ് സിപിഐയുടെ അഭിപ്രായം. ഇക്കാര്യം ഇന്ത്യാ മുന്നണിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും സന്തോഷ് കുമാര്‍ പറഞ്ഞിരുന്നു.