കണ്ണൂര്‍: യുദ്ധഭീകരത അവസാനിപ്പിക്കുന്നതുവരെ ഇസ്രായേല്‍ പൊലീസുകാര്‍ക്കുളള യൂണീഫോം ഓര്‍ഡറുകള്‍ സ്വീകരിക്കുകയോ യൂണീഫോം നിര്‍മ്മിച്ചുനല്‍കുകയോ ചെയ്യില്ലെന്ന് കണ്ണൂരിലെ കൂത്തുപറമ്പ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വസ്ത്രനിര്‍മ്മാണ കമ്പനിയായ മരിയന്‍ അപ്പാരല്‍സ്. നിരപരാധികളെ കൊന്നൊടുക്കുന്ന യുദ്ധത്തെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും യുദ്ധം തുടങ്ങിയതിനുശേഷം ലഭിച്ച ഓര്‍ഡര്‍ സ്വീകരിക്കില്ലെന്നും മരിയന്‍ അപ്പാരല്‍സ് എംഡി തോമസ് ഓലിക്കല്‍ പറഞ്ഞു. ഇസ്രായേല്‍- ഫലസ്തീന് യുദ്ധം ആരംഭിച്ചതിനുശേഷം ഒരുലക്ഷം യൂണീഫോമുകള്ക്കുളള ഓര്‍ഡറാണ് മരിയന്‍ അപ്പാരല്‍സിന് ലഭിച്ചതെന്നും കരാറില്‍ നിന്ന് പിന്‍വാങ്ങുകയാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആഗോളാടിസ്ഥാനത്തില്‍ വന്‍ വിപണിയുളള സ്ഥാപനമാണ് മരിയന്‍ അപ്പാരല്‍സ്. 2015 മുതലാണ് മരിയന്‍ അപ്പാരല്‍സ് ഇസ്രായേല്‍ പൊലീസിന് യൂണീഫോം നിര്മ്മിച്ചുനല്കാന് ആരംഭിച്ചത്. പൂര്‍ണമായും എക്സ്പോര്‍ട്ട് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി, ഫിലിപ്പീന്‍സ് സൈന്യത്തിനും ഖത്തര്‍ എയര്‍ഫോഴ്സിനും ഖത്തര്‍ പൊലീസിനും ബ്രിട്ടീഷ്, അമേരിക്കന്‍ സെക്യൂരിറ്റി കമ്പനികള്‍ക്കുമെല്ലാം യൂണീഫോം നിര്‍മ്മിച്ചുനല്‍കുന്നുണ്ട്. കണ്ണൂര്‍ കൂത്തുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ യൂണിറ്റുകളിലാണ് ഈ യൂണീഫോമുകളെല്ലാം നിര്‍മ്മിക്കുന്നത്.