വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ‘ഖുഷി’ എന്ന ചിത്രത്തിന്റെ വമ്പൻ മ്യൂസിക്കൽ കൺസേർട്ട് കഴിഞ്ഞ ദിവസമാണ് നടന്നത്. മലയാളി സംഗീത സംവിധായകനായ ഹിഷാം അബ്ദുല്‍ വഹാബ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകംതന്നെ സൂപ്പര്‍ ഹിറ്റാണ്. സംഗീതപ്രേമികളെ വിസ്മയിപ്പിക്കും വിധത്തിലുള്ള കൺസേർട്ടിൽ ഗായകരായ ജാവേദ് അലി, സിഡ് ശ്രീറാം, മഞ്ജുഷ, ചിന്മയി തുടങ്ങിയവര്‍ക്കൊപ്പം വിജയ് ദേവരകൊണ്ടയും സാമന്തയും വേദിയില്‍ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പാട്ടുകളെ കുറിച്ചും സംവിധായകനെ കുറിച്ചും സാമന്ത പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
'ഷൂട്ടിംഗ് സമയത്ത് ആദ്യം കേട്ടു തുടങ്ങിയപ്പോള്‍തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ ഉള്ളില്‍ തറച്ചിരുന്നു. ഇപ്പോൾ ഈ വേദിയിൽ ഈ പാട്ടുകൾ കേൾക്കുമ്പോൾ, സമയം മുന്നോട്ടുനീക്കി എത്രയും പെട്ടെന്ന് സെപ്തംബർ 1-ന് നിങ്ങൾക്കൊപ്പം സിനിമ കാണാൻ ഞാൻ ആഗ്രഹിച്ചുപോവുകയാണ്. എന്റെ കരിയറിലെ അവിസ്മരണീയമായ ചലച്ചിത്രാനുഭവമാണ് ‘ഖുഷി’. ഹിഷാം, നന്ദി. തെലുങ്ക് പ്രേക്ഷകർ നിങ്ങളെ എത്ര ഇഷ്ടപ്പെടുന്നെന്ന് ‘ഖുഷി’യിലെ ഗാനങ്ങളോടെ നിങ്ങൾക്ക് മനസ്സിലാവും' എന്നായിരുന്നു സാമന്തയുടെ വാക്കുകള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഹൃദയം' എന്ന സിനിമയിലൂടെയാണ് ഹിഷാം സംഗീത സംവിധായകനായി മാറുന്നത്. ‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് ‘ഖുഷി’യുടെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. നവീൻ യേർനേനി, രവിശങ്കർ എലമഞ്ചിലി എന്നിവരാണ് നിർമ്മാണം. ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങൾ. ചിത്രം സെപ്തംബർ 1-ന് തിയേറ്ററുകളില്‍ എത്തും.