ജെയ്ക്കിന്റെ കൈവശമുളളത് പിതാവില്‍നിന്നും കിട്ടിയ കുടുംബസ്വത്ത്; സമൂഹമാധ്യമങ്ങളില്‍ അനാവശ്യ പ്രചാരണങ്ങളെന്ന് സഹോദരന്‍

പുതുപ്പളളി ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനെതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി സഹോദരന്‍ തോമസ് സി തോമസ്. ജെയ്ക്കിന്റെ കൈവശമുളളത് പാരമ്പര്യമായി പിതാവില്‍നിന്നും കിട്ടിയ കുടുംബ സ്വത്താണെന്നും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് അനാവശ്യ പ്രചാരണങ്ങളാണെന്നും തോമസ് സി തോമസ് പറഞ്ഞു. ജെയ്ക്ക് ആദ്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് സ്വത്ത് വീതംവെച്ചിരുന്നില്ലെന്നും അടുത്തിടെ ഭാഗംവെച്ചതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പായപ്പോഴേക്ക് ജെയ്ക്കിന്റെ സ്വത്ത് കൂടിയതെന്നും സഹോദരന്‍ പറഞ്ഞു. ഹൈവേ സൈഡിലുളള ഭൂമിയായതിനാല്‍ വില കൂടുന്നത് സ്വാഭാവികമാണെന്നും കുടുംബത്തെ വലിച്ചിഴച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ മാനസിക പ്രയാസമുണ്ടാക്കിയെന്നും തോമസ് സി തോമസ് പറഞ്ഞു. 

ആരോപണങ്ങളോട് പ്രതികരിക്കേണ്ടെന്ന് ജെയ്ക്ക് ഉള്‍പ്പെടെ പറഞ്ഞെങ്കിലും പിതാവിന്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ട് മിണ്ടാതിരിക്കാനാവുന്നില്ലെന്ന് തോമസ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. പിതാവിന്റെ പ്രായം സംബന്ധിച്ച അധിക്ഷേപങ്ങള്‍ക്കും ജെയ്ക്കിന്റെ സ്വത്ത് സംബന്ധിച്ച ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ സംശയങ്ങള്‍ തീര്‍ക്കാനുമാണ് പ്രതികരിക്കുന്നതെന്നും തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. 

ജെയ്ക്ക് സി തോമസിന്റെ സഹോദരന്റെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയരേ 

ഞാൻ ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനോ പ്രചാരകനോ അല്ല. എല്ലാ രാഷ്ട്രീയത്തിൽ പെട്ട ആളുകളെയും ബഹുമാനിക്കുന്ന സ്നേഹിക്കുന്ന സാധാരണക്കാരനായ ഒരു ദൈവവിശ്വാസിയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ സഹോദരനും പുതുപ്പള്ളി മണ്ഡലത്തിലെ ഇടത് പക്ഷ സ്ഥാനാർത്ഥിയുമായ ജയ്‌ക്ക് സി തോമസിനെ വ്യക്തിപരമയി അധിക്ഷേപിക്കുന്ന പോസ്റ്റുകൾ കാണാനിടയായി. ജയ്‌ക്ക് അനധികൃതമായി കോടികൾ സമ്പാദിച്ചെന്നും മറ്റുമൊക്കെ ഉള്ള ആരോപണങ്ങളോട് പ്രതികരിക്കേണ്ടന്നാണ് ജയ്‌ക്ക് ഉൾപ്പടെ പറഞ്ഞത്. പക്ഷെ ഞങ്ങളുടെ പിതാവിന്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടപ്പോൾ മിണ്ടാതിരിക്കാനായില്ല. എല്ലാവരുടെയും സംശയങ്ങൾ തീർക്കുന്നതിനായി ചില കാര്യങ്ങൾ പങ്കു വയ്ക്കുകയാണ്.

1. ഞങ്ങളുടെ പിതാവിന്റെ പ്രായത്തെ സംബന്ധിച്ച് 

ജീവിച്ചിരുന്നെങ്കിൽ ഞങ്ങളുടെ പിതാവിന് ഇപ്പോൾ 100 വയസ്സിനു മേലെ പ്രായം ഉണ്ടാകുമായിരുന്നു. 2011-ൽ അദ്ദേഹം മരിക്കുമ്പോൾ 89 വയസ്സയിരുന്നു. അദ്ദേഹം വിവാഹം കഴിച്ചത് വളരെ വൈകി ആണ്. മലങ്കര യാക്കോബായ സഭയിലെ അഭിവന്ദ്യ മെത്രപ്പോലീത്ത ആയിരുന്ന പെരുമ്പള്ളി തിരുമേനിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. വൈകിയ വേളയിലും അദ്ദേഹത്തെ വിവാഹത്തിന് നിര്ബന്ധിച്ചതും അതിനു മുൻകൈ എടുത്തതും തിരുമേനിയാണ്. ഫാ ഗീവര്ഗീസ് ചട്ടത്തിൽ അച്ഛന്റെ കാർമികത്വത്തിൽ നടന്ന വിവാഹത്തിൽ തിരുമേനി പങ്കെടുത്തില്ലെങ്കിലും പിന്നീട് എന്റെ മാമോദിസ നടത്തിയത് അദ്ദേഹമായിരുന്നു.  എന്റെ പിതാവിന്റെ  വര്ധക്യ കാലത്ത്‌ ഉണ്ടായ മക്കളാണു ഞങ്ങൾ രണ്ടു പേരും. 

2. ജൈക്കിന്റെ സ്വത്തിനെ സംബന്ധിച്ച് 

എന്റെ പിതാവിന്റെമാതാവും പിതാവും അവരുടെ അയ്മനത്തെ വീട് വിറ്റു 1930-കളിൽ മണർകാട് എത്തി സ്ഥലം വാങ്ങി. അന്ന് വാങ്ങിയ സ്ഥലത്തിന് മുന്നിലൂടെ കെ കെ റോഡ് വന്നത് പിന്നെയാണ്.സ്വാതന്ത്ര്യത്തിനു  മുമ്പ് അദ്ദേഹം കോട്ടയം ചന്തയിൽ ബിസിനസ് ആരംഭിച്ചു പിന്നീട് ഇവിടെ മണര്കാട്ട് സ്വന്തമായി ചെരുപ്പു കമ്പനിയും തുടങ്ങി. പിന്നീട് 2005-ൽ അദ്ദേഹം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ബിസിനസ് അവസാനിപ്പിച്ചു. അന്ന് ഞങ്ങൾ സ്കൂൾ വിദ്യാർത്ഥികൾ ആയിരുന്നു. പിന്നീട് ഞാൻ 2010-ൽ അടച്ചു പോയ കട തുറന്നു നടത്താന് ആരംഭിച്ചു. ജയ്‌ക്ക് പിന്നീടാണ് സജീവ രാഷ്ട്രീയ പ്രവർത്തകൻ ആകുന്നത്. 2019-ൽ ജയ്ക്കും വിവാഹിതനായ ശേഷം ഞാൻ മണർകാട്ടെ ഞങ്ങളുടെ സ്ഥലത്തു തറവടിന്റെ മുന്നിലായി ബാങ്ക് ലോൺ എടുത്തു വീട് വച്ച് മാറി. അതിനു മുമ്പ് തന്നെ പിതാവിന്റെ സ്വത്ത് രണ്ടു മക്കള്‍ക്കുമായി 'അമ്മ പകുത്തു തന്നു. ഇപ്പോൾ അമ്മയും ജയ്ക്കും ഗീതുവും തറവാടിലും ഞാനും കുടുംബവും ഞങ്ങളുടെ വീട്ടിലും ഒരേ മനസ്സൊടെ ഒരുമയൊടെ ജീവിക്കുന്നു. ഹൈ വെ സൈഡിൽ ഇരിക്കുന്ന ഭൂമിക്കു വിലകൂടുക സ്വാഭാവികം ആണ്. ഇതൊക്കെ ഈ നാട്ടിലെ കോൺഗ്രെസ്സുകാര് ഉൾപ്പടെ ഉള്ളവർക്ക് അറിയാവുന്ന കര്യവുമാണ്. നിങ്ങൾക്കു ആർകെങ്കിലും ഇത് സംബന്ധിച്ച് എന്തെങ്കിലും രേഖകൾ ആവശ്യമുണ്ടെങ്കിൽ ഞാൻ നൽകാം.

ജയിക്കിനെ നിങ്ങൾക്കു വിമർശിക്കാം എതിർക്കാം. പക്ഷെ ഞങ്ങളുടെ പിതാവിനെ വെറുതെ വിടുക. സോഷ്യൽ മീഡിയയിൽ ഇല്ലെങ്കിലും ഞങ്ങളുടെ അമ്മയും ഇതൊക്കെ അറിയുകയും വേദനിക്കുകയും ചെയ്യുന്നുണ്ട്. എഴുതാനും വായിക്കാനും അറിയില്ലയിരുന്നെങ്കിലും ഞങ്ങളുടെ അച്ച പറഞ്ഞു തന്ന  ഒരു കാര്യമുണ്ട്. ഒരിക്കലും കള്ളത്തരം കാണിക്കരുതെന്നു. ചിറയിൽ തോമസിന്റെ മക്കൾ അങ്ങനെ കള്ളത്തരം ചെയ്യുന്നവരാണെന്നു ഇന്നാട്ടുകാർ ഒരിക്കലും പറയില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുമുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 5 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 5 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More