ചെന്നൈ: മക്കള്‍ നീതി മയ്യം സ്ഥാപക നേതാവും നടനുമായ കമല്‍ ഹാസന്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരുനിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിഎംകെ സഖ്യത്തിനൊപ്പം ചേര്‍ന്നാവും കമല്‍ മത്സരിക്കുക. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി വാനതി ശ്രീനിവാസനോട് 1728 വോട്ടിന്റെ നേരിയ വ്യത്യാസത്തിലാണ് കമല്‍ പരാജയപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കമല്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതിനാല്‍ കോയമ്പത്തൂര്‍ സീറ്റ് കമല്‍ ഹാസന് നല്‍കാന്‍ ഡിഎംകെയ്ക്ക് താല്‍പ്പര്യമുണ്ടെന്ന് മക്കള്‍ നീതി മയ്യവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ സൗത്ത് അസംബ്ലി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടിയുടെ 'മക്കളോട് മയ്യം' എന്ന സംസ്ഥാന തല ക്യാംപെയ്ന്‍ കമല്‍ ഹാസന്‍ ഉദ്ഘാടനം ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലെയും ജനങ്ങളെ വാര്‍ഡ്, പഞ്ചായത്ത് തലങ്ങളില്‍ പോയി കാണാനും അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാനുമാണ് മക്കള്‍ നീതി മയ്യം പദ്ധതിയിടുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയതിനുശേഷമായിരിക്കും പാര്‍ട്ടി പ്രകടന പത്രിക തയാറാക്കുക.