തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. ഇന്ന് 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളത്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുളളത്. ജൂലൈ 26-നും 27-നും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. വ്യാഴാഴ്ച്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന് ശക്തികൂടി. അടുത്ത ഇരുപത്തിനാല് മണിക്കൂറിനുളളില്‍ വീണ്ടും തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ച് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ആന്ധ്രപ്രദേശ്- തെക്കന്‍ ഒഡീഷ തീരത്തേക്ക് നീങ്ങുമെന്നാണ് നിഗമനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തില്‍ ഇന്ന് വടക്കന്‍ ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത. കേരളാ തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് നിയന്ത്രണമുണ്ട്. മഴ ശക്തമായതോടെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്.