ഡല്‍ഹി: വാരാണസി ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന സര്‍വ്വേ നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ജൂലൈ 26 ബുധനാഴ്ച്ച വൈകുന്നേരം അഞ്ചുമണിവരെ സര്‍വ്വേ നിര്‍ത്തിവയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. മസ്ജിദില്‍ സര്‍വ്വേ നടത്താനുളള വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. സുപ്രീംകോടതി നല്കിയ സമയപരിധിക്കുളളില്‍ തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് ഹൈക്കോടതിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വെളളിയാഴ്ച്ചയാണ് ഗ്യാന്‍വാപി പളളി പരിസരത്ത് ശാസ്ത്രീയ പരിശോധന നടത്താന്‍ വാരാണസി ജില്ലാ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കിയത്. തിങ്കളാഴ്ച്ച മുതല്‍ പരിശോധന നടത്തണമെന്നായിരുന്നു കോടതി ഉത്തരവ്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ഉദ്യോഗസ്ഥര്‍ മസ്ജിദിലെത്തി സര്‍വ്വേ ആരംഭിച്ചിരുന്നു. സര്‍വ്വേയുടെ ഭാഗമായി പളളിയുടെ പടിഞ്ഞാറുഭാഗത്തുളള മതില് പൊളിച്ചെന്ന് മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇതോടെ മസ്ജിദില്‍ ഖനനം നടക്കുന്നുണ്ടോ എന്ന് അറിയിക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. മസ്ജിദിലെ ഒരു കല്ലുപോലും ഒരാഴ്ച്ചത്തേക്ക് നീക്കില്ലെന്നും ഇപ്പോള്‍ അളവെടുക്കലും റഡാര്‍ ഇമേജിംഗും മാത്രമാണ് നടക്കുന്നതെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ അറിയിച്ചു.