കൊച്ചി: തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന 'മധുര മനോഹര മോഹം' സിനിമയുടെ പുതിയ ടീസര്‍ പുറത്ത്. ഇംഗ്ലീഷ് ഗാനത്തിന്റെ അകമ്പടിയോടെ സൈജുവിന്റെ കഥാപാത്രമായ 'ജീവന് രാജി'നെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റെഫി സേവ്യര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷറഫുദ്ധീൻ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. ചന്ദ്രു സെല്‍വ രാജ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. മഹേഷ് ഗോപാലും ജയ് വിഷ്ണുവുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
കാഴ്ചക്കാരെ ആദ്യാവസാനം രസിപ്പിക്കുന്ന ഒരു മുഴുനീള എന്റർടെയ്നറാണ് ചിത്രം എന്നാണു പ്രേക്ഷകാഭിപ്രായം. ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം B3M ക്രിയേഷൻസ് നിർമ്മിച്ച ചിത്രമാണ് മധുര മനോഹര മോഹം. ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം ഹിഷാം അബ്ദുൾവഹാബ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ ജിബിൻ ഗോപാലാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്.