ചെന്നൈ: മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യര്‍ വീണ്ടും തമിഴിലേക്ക്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വീണ്ടും മഞ്ജു തമിഴിലേക്ക് എത്തുന്നത്. മഞ്ജു വാര്യർ നായികയാവുന്ന മൂന്നാമത്തെ തമിഴ് സിനിമയ്ക്ക് 'മിസ്റ്റർ എക്സ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അസുരൻ, തുണിവ് എന്നീ ചിത്രങ്ങൾക്ക് ശേഷം മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് മിസ്റ്റർ എക്സ്. ആര്യയും ഗൗതം കാർത്തിക്കുമാണ് നായകവേഷങ്ങളിലെത്തുന്നത്.
പ്രിൻസ് പിക്ചേഴ്സ് ആണ് നിർമാണം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മഞ്ജു വാര്യർതന്നെയാണ് താനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്ന് അറിയിച്ചത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വൻ ബജറ്റിലൊരുങ്ങുന്ന മിസ്റ്റർ എക്സ് ഇന്ത്യ, ഉഗാണ്ട, ജോർജിയ എന്നിവിടങ്ങളിലായാണ് ചിത്രീകരിക്കുകയെന്നാണ് റിപ്പോർട്ട്. മഞ്ജു വാര്യര്‍ പ്രധാന വേഷങ്ങളിലെത്തിയ അസുരനും തുണിവും മികച്ച വിജയം നേടിയിരുന്നു.