മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ അര്‍ധസെഞ്ചുറിയുമായി മുംബൈക്ക് വിജയം സമ്മാനിച്ച സൂര്യകുമാര്‍ യാദവിനെ പ്രശംസകൊണ്ട് മൂടി ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി. സൂര്യകുമാര്‍ ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്ററാണെന്നും ഒരു കമ്പ്യൂട്ടറില്‍ കളിക്കുന്നതുപോലെയാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നതെന്നും സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു.
സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗ് കാണുമ്പോള്‍ ബൗളര്‍മാരെ കളിപ്പാവകളാക്കുന്ന ബാറ്റര്‍മാരുടെ ഗള്ളി ക്രിക്കറ്റാണ് ഓര്‍മവരുന്നതെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ പറഞ്ഞു. സ്ഥിരമായ പരിശീലനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് സൂര്യ ഈ മികവാര്‍ജ്ജിച്ചത്. ആര്‍സിബിക്കെതിരെ ആദ്യം ലോംഗ് ഓണിലേക്കും ലോംഗ് ഓഫിലേക്കും ഷോട്ടുകള്‍ കളിച്ചു തുടങ്ങിയ സൂര്യകുമാര്‍ പിന്നീട് ബൗളര്‍മാരെ ഗ്രൗണ്ടിന്‍റെ എല്ലാ വശങ്ങളിലേക്കും ഓടിച്ചെന്നും ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.
ബാംഗ്ലൂര്‍ കൃത്യമായ പ്ലാനോടെയാണ് ബോള്‍ എറിഞ്ഞതെന്നും ആദ്യം ബാറ്റിംഗ് അത്ര സുഖകരമായി തോന്നിയില്ലെന്നും മത്സരത്തിന് ശേഷം സൂര്യകുമാര്‍ പറഞ്ഞു. ആര്‍സിബിക്കെതിരെ 35 പന്തില്‍ 83 റണ്‍സടിച്ച സൂര്യ ഏഴ് ഫോറും ആറ് സിക്സും പറത്തിയിരുന്നു. അതോടൊപ്പം, ഐപിഎല്‍ മത്സരത്തില്‍ സൂര്യ കുമാര്‍ യാദവ് 3000 റണ്‍സ് സ്വന്തമാക്കി.