കെ എസ് ടി എ ജനറല്‍ സെക്രട്ടറിക്ക് നടപടിക്ക് വിധേയനായ പി പ്രേമചന്ദ്രന്‍ മാഷുടെ തുറന്ന കത്ത്

കെ എസ്  ടി എ ജന. സെക്രട്ടറിക്ക് 

എനിക്കെതിരെയുള്ള ശിക്ഷാനടപടിയുമായി ബന്ധപ്പെട്ട് താങ്കള്‍ വിശദീകരിച്ച കെ എസ് ടി എ യുടെ നിലപാട് വ്യാപകമായി പ്രചരിക്കുകയും അതിലെ വാസ്തവമന്വേഷിച്ച് സുഹൃത്തുക്കള്‍ നിരന്തരം വിളിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട സത്യാവസ്ഥ എന്താണെന്ന് പൊതുവായി പങ്കുവെക്കേണ്ടതുണ്ടെന്നുകരുതുന്നു. ഏറെക്കാലമായി ഞാന്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരിടതുപക്ഷ അധ്യാപക സംഘടനയില്‍ നിന്നും അവിശ്വസനീയവും വസ്തുതാവിരുദ്ധവുമായ ഇത്തരം ഒരു വ്യക്തിഹത്യ ഉണ്ടാവുന്നത് എന്തുകൊണ്ടാണ് എന്ന ചിന്തയാണ് ഒരുപക്ഷേ, സര്‍ക്കാര്‍ നടപടിയെക്കാളും വ്യക്തിപരമായി എന്നെ പ്രയാസപ്പെടുത്തുന്നത്. നിര്‍ഭാഗ്യകരം എന്നുമാത്രമേ പറയാന്‍ സാധിക്കൂ. ഏതാനും ദിവസം കഴിഞ്ഞാല്‍ കെ എസ് ടി എ ക്കാരന്‍ അല്ലാതാവുന്ന എനിക്ക്, ഇതു സംബന്ധിച്ച യാഥാര്‍ത്ഥ്യം സംഘടനാ സഖാക്കളെയും എന്റെ പ്രിയമിത്രങ്ങളെയും ഒരു കെ എസ് ടി എ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ത്തന്നെ അറിയിക്കണമെന്നുണ്ട്. അക്കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്. അല്‍പ്പം ദീര്‍ഘമായിപ്പോകാമെങ്കിലും ഇതുവായിക്കാനപേക്ഷ. താങ്കളുടെ വിശദീകരണക്കുറിപ്പിൽ യാതൊരു മനഃസാക്ഷിക്കുത്തും ഇല്ലാതെ കെട്ടിച്ചമച്ച ആരോപണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്താതിരിക്കാന്‍ എനിക്ക് ഒരുകാരണവശാലും കഴിയുകയില്ല. 

1. "ദീര്‍ഘകാലമായി SCERTയുമായും പാഠപുസ്തക രചനയുള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടൊക്കെ പ്രവര്‍ത്തിച്ചിരുന്ന അധ്യാപകന്‍ എന്ന നിലയിലും, കെഎസ് ടി എ അംഗം എന്ന നിലയിലും തന്റെ വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും ബന്ധപ്പെട്ട അധികാരികളുടെയോ സംഘടനയുടെയോ ശ്രദ്ധയില്‍പ്പെടുത്താന്‍ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാമായിരുന്നു. എന്നാല്‍ അതിനൊന്നും തയ്യാറാകാതെ സര്‍ക്കാരിനെയും, പൊതുവിദ്യാഭ്യാസ വകുപ്പിനേയും എന്തിനേറെ സംഘടനയെയും കടുത്ത ഭാഷയില്‍ ആക്ഷേപിക്കുകയാണ് ചെയ്തത്."

2022 മാർച്ച് മാസത്തിൽ നടന്ന എസ്. എസ്. എൽ. സി., ഹയർ സെക്കന്ററി പൊതുപരീക്ഷയ്ക്ക് തൊട്ടുമുന്‍പ്, അതിനു മുന്നേനടന്ന എല്ലാ പരീക്ഷകളുടെയും ചോദ്യമാതൃകയില്‍ നിന്നു വ്യത്യസ്തമായി, നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്ന് 30% സ്കോറിനുള്ള ചോദ്യങ്ങള്‍ ഒപ്ഷനുകള്‍ പോലും ഇല്ലാതെ എഴുതേണ്ടി വരുന്ന പരിഷ്കാരം വരുത്തിയതാണല്ലോ വിവാദമായത്. ഈ പരിഷ്കാരം SCERT യുടെയോ KSTA എന്ന സംഘടനയുടെയോ നിര്‍ദ്ദേശം ആയിരുന്നില്ല എന്ന് മനസ്സിലാക്കുന്നതിൽ തെറ്റുണ്ടോ? അക്കാദമികമായി സാധൂകരിക്കാനാവാത്ത ഈ മലക്കംമറിച്ചിൽ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ താല്പര്യം മാത്രമായിരുന്നില്ലേ. ചോദ്യപേപ്പര്‍ ശില്‍പ്പശാലയില്‍ വെച്ച് നിരവധി അധ്യാപകര്‍ ഈ നിര്‍ദ്ദേശത്തെ അങ്ങേയറ്റം എതിര്‍ത്തിരുന്നു. അതില്‍ നിന്ന് ചിലരൊക്കെ ഇറങ്ങിപ്പോകാന്‍ വരെ തയ്യാറായിരുന്നു. ചോദ്യപേപ്പര്‍ ശില്‍പ്പശാലയില്‍ വെച്ചു തന്നെ മുതിര്‍ന്ന അക്കാദമിക വിദഗ്ദര്‍ കെ എസ് ടി എ ജനറല്‍ സെക്രട്ടറിയായ താങ്കളെ നേരിട്ടുബന്ധപെട്ടിരുന്നു. ഇത് അങ്ങേയറ്റം പൊതുവിദ്യാഭ്യാസത്തിന് എതിരാണ് എന്ന് ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ പല വിഷയങ്ങള്‍ക്കും ചോദ്യങ്ങള്‍ ഈ രീതിയില്‍ ഉണ്ടാക്കിക്കഴിഞ്ഞു എന്നും നിങ്ങളും അതുപോലെ ഉണ്ടാക്കിയാല്‍ മതി എന്നുമാണ് താങ്കള്‍ മറുപടി പറഞ്ഞത്. അതായത് സംഘടനയില്‍ ഈ വിഷയം ഉന്നയിച്ചില്ല എന്നത് തികച്ചും വസ്തുതാവരുദ്ധമാണ്. 

പൊതുവിദ്യാഭ്യാസത്തിലെ പത്തുലക്ഷം കുട്ടികളെ, അവരുടെ രക്ഷകര്‍ത്താക്കളെ, പതിനായിരക്കണക്കിന് അധ്യാപകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന, ഒരുതരത്തിലുള്ള അക്കാദമിക അടിസ്ഥാനവുമില്ലാത്ത ഒരു തീരുമാനം സംഘടനയുടെ ജനറൽ സെക്രട്ടറിയായ താങ്കളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരിടപെടലും ഉണ്ടാവാഞ്ഞപ്പോളാണ് ഈ വിഷയത്തിൽ വിദ്യഭ്യാസതല്പരരുടെ ഇടപെടൽ ഉണ്ടാവണം എന്ന് ആഗ്രഹിച്ചുകൊണ്ട് ഞാൻ ട്രൂ കോപ്പി തിങ്ക് എന്ന ഓൺലൈൻ മാധ്യമത്തിൽ ലേഖനം എഴുതുന്നത്.  ചോദ്യപേപ്പറുകള്‍ ഉണ്ടാക്കിക്കഴിഞ്ഞ സാഹചര്യത്തില്‍ ആ പ്രശ്നം പരിഹരിക്കാന്‍ ഒരേയൊരു വഴി മാത്രമേ ഇനി സ്വീകരിക്കാന്‍  കഴിയൂ എന്നും അത് ഫോക്കസ് / നോണ്‍ ഫോക്കസ് വിഭാഗം പരിഗണിക്കാതെ 80/ 60 സ്കോറിനുള്ള ഉത്തരം എഴുതിക്കോളൂ എന്ന് കുട്ടികളോട് പറയുക മാത്രമാണെന്നും സൂചിപ്പിക്കുകയായിരുന്നു ആ ലേഖനത്തിന്റെ മുഖ്യോദ്ദേശ്യം. അല്ലാതെ ആദ്യംമുതലേ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തിയ ഒരു കാര്യം വീണ്ടും ബ്രാഞ്ച് കമ്മറ്റി അംഗമായ ഞാന്‍ ബ്രാഞ്ച് യോഗം വിളിക്കുമ്പോള്‍ അവിടെ പറഞ്ഞ് അത് പിന്നീട് സബ്ജില്ലാകമ്മറ്റി ചര്‍ച്ചചെയ്ത് ജില്ലാക്കമ്മറ്റിയില്‍ എത്തി അവിടുന്ന് സംസ്ഥാനകമ്മറ്റിയില്‍ 'വ്യവസ്ഥാപിത മാര്‍ഗ്ഗ'ത്തില്‍ എത്തുമ്പോഴേക്കും കുട്ടികളുടെ പരീക്ഷാ റിസള്‍ട്ട് പ്രഖ്യാപിക്കുമെന്ന് ഉറപ്പല്ലേ. ഈ വിഷയം അറിഞ്ഞിട്ടും ഒരിടപെടലും നടത്താത്തവരല്ലേ ഇതിലെ യഥാർഥ കുറ്റവാളികള്‍. അത് മറച്ചുവെക്കാനാവും ഈ വിശദീകരണകുറിപ്പിൽ എനിക്കെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ എഴുതിവിടുന്നത്. 

സമാനമായ മറ്റൊരു സന്ദര്‍ഭം കൂടെ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാം എന്നുതോന്നുന്നു. എസ് എസ് എല്‍ സി, പ്ലസ്‌ ടു പരീക്ഷയില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും അക്കാലത്തെ KSTA നേതൃത്വവും SCERT യിലെ അക്കാദമിക് ബോഡികളും ഒന്നിച്ചെടുത്ത ഒരു ചോദ്യഘടനാ രീതിയെ (2021 മാര്‍ച്ച് പരീക്ഷ) വിദ്യാഭ്യാസമന്ത്രിയും KSTA നേതൃത്വവും മാറിയ സന്ദര്‍ഭത്തില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒന്നാം വര്‍ഷ പ്ലസ്‌ ടു ചോദ്യപേപ്പര്‍ നിര്‍മ്മാണസമയത്ത് ((2021 സപ്തംബര്‍ പരീക്ഷ) അട്ടിമറിച്ചപ്പോള്‍ പുതിയ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ താങ്കളെ, ദീര്‍ഘകാല സൗഹൃദത്തിന്റെ വെളിച്ചത്തില്‍ 'വ്യവസ്ഥാപിത മാര്‍ഗ്ഗ'ത്തിലൂടെ അല്ലെങ്കിലും നേരിട്ടുവിളിച്ച് ഇക്കാര്യത്തിന്റെ അപകടം ഞാന്‍ വ്യക്തമാക്കിയിരുന്നു. ഒരു ചെറുവിരല്‍ അനക്കപ്പെട്ടില്ല. ഹയര്‍ സെക്കന്ററി അധ്യാപകരുടെ ജില്ലാ കണ്‍വന്‍ഷന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നടന്നപ്പോള്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിരുന്നു. ഒരു നടപടിയും ഉണ്ടായില്ല. 

പ്ലസ്‌ വൺ പരീക്ഷയുടെ ചോദ്യഘടനയില്‍ വരുത്തിയ മാറ്റം ചോദ്യഘടന മുന്‍കൂട്ടി പ്രസിദ്ധീകരിച്ച് കുട്ടികളെ അറിയിച്ചിരുന്നോ? ഇല്ല. പരീക്ഷാ ഹാളില്‍ വെച്ചാണ് ഈ മാറ്റം കുട്ടികള്‍ അറിഞ്ഞത്. അക്കുറി പക്ഷേ, മുഴുവന്‍ ചോദ്യവും ഫോക്കസ് ഏരിയയില്‍ നിന്നായതുകൊണ്ട് കുട്ടികള്‍ക്ക് വലിയ പ്രശ്നം ഉണ്ടായില്ല.   സംസ്ഥാനചരിത്രത്തില്‍ ആദ്യമായി ഒരു പൊതുപരീക്ഷയ്ക്ക് മുന്‍പായി SCERT ചോദ്യഘടനപുറത്തിറക്കിയത് എന്റെ ലേഖനം പുറത്തിറങ്ങിയതിന് ശേഷമാണ്. അതും ഈ വിവാദം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ മാത്രം. അല്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ പരീക്ഷാഹാളില്‍ നിന്നുമാത്രമേ ഈ മാറ്റത്തെക്കുറിച്ച് അറിയുമായിരുന്നുള്ളൂ. തങ്ങള്‍ക്ക് തുറന്നുനോക്കാന്‍ സമയം കിട്ടാത്തെ നോണ്‍ഫോക്കസ് ഏരിയയില്‍ നിന്ന് 30% ചോദ്യങ്ങള്‍ ഉണ്ടെന്നും ആ സ്കോറുകള്‍ തങ്ങള്‍ക്ക് ലഭിക്കില്ലെന്നും പരീക്ഷാഹാളിൽ നിന്ന് മനസ്സിലാക്കുന്ന കുട്ടിയെ ഒന്ന് സങ്കല്പിച്ചുനോക്കൂ. കേരളത്തില്‍ ചിലപ്പോള്‍ വലിയ ദുരന്തമായേക്കാവുന്ന ഒരു സ്ഥിതിവിശേഷം അതുണ്ടാക്കിയേനെ. പ്ലസ്‌ ടു വിന്റെ പ്രാക്റ്റിക്കല്‍ പരീക്ഷ പൊതുപരീക്ഷയ്ക്ക് ശേഷം നടത്താം എന്ന തീരുമാനം ഉണ്ടായതും ഈ വിവാദത്തിന് ശേഷമാണ്. സത്യത്തില്‍ പരീക്ഷയ്ക്ക് ഒരുമാസം മുന്‍പെങ്കിലും ഇങ്ങനെയാണ് ചോദ്യഘടന എന്നു കുട്ടികളെ ബോധ്യപ്പെടുത്താനെങ്കിലും എന്റെ ആ എഴുത്ത് പ്രയോജനപ്പെട്ടിട്ടുണ്ടാവും.

സര്‍ക്കാരിനെയും, പൊതു വിദ്യാഭ്യാസവകുപ്പിനേയും സംഘടനയെയും കടുത്ത ഭാഷയില്‍ ആക്ഷേപിച്ചു എന്നതും തികച്ചും വസ്തുതാവിരുദ്ധമാണ്. മാത്രമല്ല, സത്യത്തെ നേരെ തിരിച്ചിടല്‍ കൂടിയാണത്. ഇത് ചില ഉദ്യോഗസ്ഥരുടെ നിക്ഷിപ്തതാത്പര്യം എല്ലാ അക്കാദമിക സ്ഥാപനങ്ങള്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ് എന്നാണ് കൃത്യമായും ഞാൻ എഴുതിയത്. സംഘടനയെയും SCERT പോലുള്ള സ്ഥാപനങ്ങളെയും നിശ്ശബ്ദരാക്കി അവര്‍ അവരുടെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് എന്നാണു പറഞ്ഞത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായും ഇടപെടണമെന്നും ഈ നീക്കം തകര്‍ക്കണം എന്നും ആണ് പറഞ്ഞത്.  സര്‍ക്കാരിനെ അവിശ്വസിക്കാതെ, ഇത് സര്‍ക്കാര്‍ തീരുമാനമല്ല, രാഷ്ട്രീയ തീരുമാനമല്ല എന്ന്പറയുകയുകയാണ് എന്റെ ഇടതുപക്ഷബോധ്യം ഇക്കാര്യത്തില്‍ ചെയ്തത്. സംഘടന ഇക്കാര്യത്തില്‍ ഇടപെടാത്ത വേദന ആ എഴുത്തില്‍ ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. അതിലെ പ്രതിഷേധവും സ്വാഭാവികമായി ഉണ്ടായിരുന്നു. പക്ഷേ, ഇതിന്റെ പിന്നിലെ നിക്ഷിപ്തതാത്പര്യങ്ങള്‍ സംഘടന തിരിച്ചറിയണം എന്നും ഇടപെടണം എന്നുമായിരുന്നു അതിന്റെ അന്തഃസത്ത. 

2. CBSE ലോബിക്ക് ഹൃദയം പകർന്നു കൊടുക്കുന്നവരെന്നും, മറ്റാരോ നിയന്ത്രിക്കുന്ന തുടലുകളാൽ നിഷ്ക്രീയമാണ് സംഘടനയെന്നുമൊക്കെ അപക്വമായി പ്രതികരിച്ചു.

CBSE ലോബിയെന്നു വിളിച്ചത് ഒരിക്കലും സംഘടനയെ അല്ല. CBSE ലോബിക്ക് ഹൃദയം പണയംവെച്ചവര്‍ എന്ന് ചില ഉദ്യോഗസ്ഥരെയാണ് വിശേഷിപ്പിച്ചത്. എന്റെ ലേഖനം വായിക്കുന്ന മുഴുവനാളുകള്‍ക്കും അത് വ്യക്തമാവും. ചില നീക്കങ്ങള്‍ തുടര്‍ച്ചയായി കാണുമ്പോള്‍ ഉള്ള സംശയമാണത്. നമ്മുടെ ഗ്രേസ് മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍, പ്ലസ്‌ ടു സ്കോര്‍ എന്‍ട്രന്‍സ്‌ സ്കോറിന് ഒപ്പം റാങ്കിനായി പരിഗണിക്കതിരിക്കാന്‍ നിരന്തരം ഇവിടുത്തെ ഉദ്യോഗസ്ഥര്‍തന്നെ മുന്‍കൈ എടുക്കുന്നു എന്ന് എത്രയോ തവണ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. പലപ്രമുഖ വിദ്യാഭ്യാസപ്രവർത്തകരും തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഉദ്യോഗസ്ഥ ലോബി സി ബി എസ് ഇ ക്കായി ചരടുവലികള്‍ നിരന്തരം നടത്തുന്നുണ്ട് എന്ന് തുറന്നുപറഞ്ഞിട്ടുള്ളതാണ്. അന്നൊന്നും ഇല്ലാത്ത ഉദ്യോഗസ്ഥ /സി ബി എസ് ഇ പ്രണയമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു ഉദ്യോഗസ്ഥന്റെയും പേര്  ലേഖനത്തില്‍ പറഞ്ഞിട്ടില്ല. സാമൂഹിക വിശകലനത്തിന്റെ അടിസ്ഥാനത്തിലും വസ്തുതകൾ വിലയിരുത്തിയും രൂപപ്പെടുത്തിയ ഉറച്ച ധാരണയാണ് അങ്ങനെ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

പൊതുവിദ്യാഭ്യാസത്തിന് വേണ്ടി നില്‍ക്കുമ്പോള്‍ അതിന് നേര്‍ എതിരെ നില്‍ക്കുന്ന CBSE യുടെ ചില കുത്സിതശ്രമങ്ങളെ തുറന്നുകാട്ടേണ്ടി വരും. അവരാണല്ലോ എന്നും കേരളത്തിലെ പൊതുവിദ്യാഭ്യാസത്തില്‍ മാര്‍ക്ക് വാരിക്കൊടുക്കലാണ്, മോഡറേഷന്‍ കൊടുക്കലാണ് എന്നിങ്ങനെ ഹൈക്കോടതിയില്‍ അടക്കം വാദിച്ചുകൊണ്ടിരിക്കുന്നത്. അതിനു നമ്മുടെ സംഘടനയ്ക്ക് എന്തിനാണ് പൊള്ളുന്നത്? CBSE =  Complete Bullshit of Secondary Education എന്ന ശീര്‍ഷകത്തില്‍ KSTA മുഖമാസികയായ അധ്യാപകലോകത്തില്‍ നേരത്തെ ഒരു ലേഖനം ഞാൻ എഴുതിയിരുന്നു. അത് അക്കാലത്തെ ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ട് എഴുതിയതുമാണ്‌. CBSE വിദ്യാഭ്യാസധാരയ്ക്കെതിരെ അതിശക്തമായ നിലപാട് KSTA ഇത്രയും കാലം എടുത്തതാണ്. ഈ വിഷയത്തില്‍  നിരവധിലേഖനങ്ങള്‍ ഞാനടക്കം പലരും എഴുതിയിട്ടുണ്ട്. അവയില്‍ പലതിലും വിദ്യാഭ്യാസവകുപ്പിനകത്തുതന്നെ CBSE ക്കുവേണ്ടി ചരടുവലികള്‍ നടത്തുന്ന പല ഉദ്യോഗസ്ഥമേധാവികളും ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അക്കാലത്തൊന്നും ഇല്ലാത്ത തെളിവുചോദിക്കലും വിചാരണയും ഇക്കാലത്ത് എങ്ങിനെയുണ്ടാകുന്നു എന്ന് അന്വേഷിക്കേണ്ടതുണ്ട്.

ചില ഉദ്യോഗസ്ഥരുമായുള്ള അവിഹിതമായ ബന്ധമാണ് സംഘടനയെ ഇക്കാലത്ത് കെട്ടിയിട്ട തുടല്‍. ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും അത് തടസ്സമാകുന്നു. പൊതുവിദ്യാഭ്യാസപക്ഷത്ത് നിന്നുകൊണ്ടുള്ള സംഘടനയുടെ ജനറല്‍ സെക്രട്ടറിമാരുടെ അതിശക്തമായ നിലപാടുകള്‍ പലകുറി നേരിട്ടറിഞ്ഞിട്ടുള്ള ഒരാള്‍ എന്ന നിലയില്‍ അത് ഇക്കാലത്ത് ഇല്ലാത്തതിലുള്ള പ്രതിഷേധം ആ വിശേഷണത്തില്‍ ഉണ്ടാവാം. അത്രമാത്രം.

3. വിശദീകരണ നോട്ടീസ് ലഭിച്ചശേഷം അദ്ദേഹം സംഘടനയെ സമീപിച്ചിരുന്നു..  എന്നാല്‍ ആരോപണങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നെന്ന അഭിപ്രായത്തോടെ വിശദീകരണ നോട്ടീസിന് മറുപടി നല്‍കാനും സംഘടന നിര്‍ദേശം നല്‍കിയതുമാണ്. തുടര്‍ വിവരം അദ്ദേഹം സംഘടനയെ അറിയിച്ചിട്ടുമില്ല. 

ശരിയാണ്. എനിക്ക് ഡി ജി ഇ യുടെ കുറ്റപത്രം ലഭിച്ച ഉടന്‍ ഞാന്‍ കെ എസ് ടി എ ജില്ലാ, സബ്ജില്ലാ സമിതികള്‍ ഈ വിഷയത്തില്‍ ഇടപെടണം എന്ന് പറഞ്ഞു കത്തുകള്‍ നല്‍കിയിരുന്നു. എന്നാല്‍ എത്രയോ ദിവസം കഴിഞ്ഞാണ് കെ എസ് ടി എ ജില്ലാ സമിതി എന്നെ കേള്‍ക്കാന്‍ തന്നെ തയ്യാറായത്. ജില്ലാ സെക്രട്ടറി എന്നെ ജില്ലാ ഓഫീസിലേക്ക് വിളിക്കുകയായിരുന്നു. അപ്പോഴേക്കും ഈ വിഷയം പൊതുശ്രദ്ധയില്‍ വരികയും വിദ്യാഭ്യാസമന്ത്രി നേരിട്ട് വിമര്‍ശനം ഉന്നയിച്ച അധ്യാപകന് നേരെ നടപടി ഉണ്ടാവില്ല എന്നുപറയുകയും ചെയ്തിരുന്നു. ജില്ലാ സമിതിയില്‍, എന്റെ നിലപാടുകള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക്‌ വേണ്ടിയുള്ളതല്ല എന്നും പൊതുവിദ്യാഭ്യാസത്തിനു വേണ്ടിയുള്ളതായിരുന്നു എന്നുമാണ് ഞാന്‍ പറഞ്ഞിരുന്നത്. കുറ്റപത്രത്തിന് എന്റെ വക്കീല്‍ മുഖാന്തിരം ആണ് ഞാന്‍ മറുപടി നല്‍കിയത്. അത് നിയമപരമായ ഒരു കാര്യമാണ്. എന്നാല്‍ ഈ കൂടിക്കാഴ്ചയെ സംബന്ധിച്ച് ഞാന്‍ കെ എസ് ടി എ ഓഫീസില്‍ അഭ്യര്‍ത്ഥനയുമായി എത്തി സംഘടനയോട് മാപ്പുപറഞ്ഞു എന്നരീതിയില്‍ ഈ യോഗത്തില്‍ പങ്കെടുത്ത ഉന്നതനേതാവ് വാട്സ് ആപ് ഗ്രൂപ്പുകളില്‍ വോയ്സ് ക്ലിപ്പുകള്‍ ഇടുകയാണ് ചെയ്തത്. ഞാന്‍ ഒരിടത്തും മാപ്പുപറയുകയോ കുറ്റം ഏറ്റുപറയുകയോ ചെയ്തിട്ടില്ല. എനിക്കെതിരെ ശിക്ഷാനടപടികള്‍ ഉണ്ടാവില്ല എന്ന് മന്ത്രിതന്നെ പ്രഖ്യാപിച്ച ആ സാഹചര്യത്തില്‍ അതിന്റെ ആവശ്യവുമില്ല. ശിക്ഷാനടപടി പ്രഖ്യാപിച്ച ഉത്തരവില്‍ ആത്യന്തം എന്റെ നിലപാട് എന്തായിരുന്നു എന്ന് വ്യക്തമാക്കിയിരിക്കെ അത് ഇന്ന് കേരളത്തിന്റെ പൊതുസമൂഹത്തിന് ബോധ്യവുമാണ്. ഇതൊക്കെക്കൊണ്ടാണ് പിന്നീട് ഞാന്‍ കെ എസ് ടി എ യുമായി നേരിട്ട് പിന്നീട് ഈ വിഷയത്തില്‍ ഒരിക്കലും ബന്ധപ്പെടാതിരുന്നത്.  

4. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ എസ്എസ്എല്‍സി, പ്ലസ് ടു കുട്ടികളുടെ റിസല്‍ട്ട് വരുമ്പോള്‍ മാര്‍ക്ക് വല്ലാതെ കുറയുമെന്നും ഇതര മേഖലകളില്‍ അഡ്മിഷന്‍ ലഭിക്കാതെ നമ്മുടെ കുട്ടികള്‍ CBSE കുട്ടികളെക്കാള്‍ ബഹുദൂരം പിന്തള്ളപ്പെട്ടു പോകുമെന്നുമായിരുന്നു ഫോക്കസ് ഏരിയ സംബന്ധിച്ച അദ്ദേഹത്തിന്‍റെ വിമര്‍ശനത്തിന്റെ കാതല്‍.

തീര്‍ച്ചയായും അതുതന്നെയായിരുന്നു. അതങ്ങിനെ തന്നെ സംഭവിക്കുമായിരുന്നു. മുഴുവന്‍ സ്കോര്‍ ലഭിച്ച കുട്ടികളുടെയും ഫുള്‍ എ പ്ലസ്‌ ലഭിച്ച കുട്ടികളുടെയും എണ്ണത്തില്‍ വന്നിട്ടുള്ള വലിയ കുറവ് ഒരു യാഥാര്‍ത്ഥ്യമാണ്. വലിയ പിന്നോട്ടടി എന്തുകൊണ്ട് ഉണ്ടായില്ല എന്നത് വിശദമായി പഠിക്കപ്പെടണം. പൊതുവിദ്യാലയങ്ങളിലെ അധ്യാപകരാണ് ചോദ്യങ്ങള്‍ ഉണ്ടാക്കിയത് എന്നതുകൊണ്ടുമാത്രമാണ് ചിലരുടെ ഗൂഡതന്ത്രം നടക്കാതെ പോയത്. നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നും ഫോക്കസ് ഏരിയയിലെപ്പോലെ ഉള്ളടക്കം കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ചിരുന്നെങ്കില്‍ കുട്ടികള്‍ പതറിപ്പോയേനെ. എന്നാല്‍ ചോദ്യനിര്‍മ്മാതാക്കള്‍ ഈ വെല്ലുവിളി മറികടക്കാന്‍, പൊതുസ്വഭാവമുള്ളതും താരതമ്യേനെ എളുപ്പവുമായ ചോദ്യങ്ങള്‍ ഈ ഭാഗത്ത് നല്‍കുകയാണ് ചെയ്തത്. ഇക്കാര്യം നോണ്‍ഫോക്കസ് എരിയയിലെയും ഫോക്കസ് എരിയയിലെയും ചോദ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാൽ ആര്‍ക്കും എളുപ്പം മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ഉയർന്ന ചിന്താശേഷി അളക്കുന്ന ചോദ്യങ്ങൾ നമ്മുടെ ചോദ്യപേപ്പറുകളിൽനിന്നു അപ്രത്യക്ഷമാവാൻ തുടങ്ങിയതും അതോടെയാണ്. നാം ഇതുവരെ പിന്തുടര്‍ന്ന പാഠ്യപദ്ധതി സമീപനത്തെ ഗളച്ഛേദം ചെയ്യുന്ന ചോദ്യഘടനയായിരുന്നു അത്. ചോദ്യനിര്‍മ്മാണവുമായി ബന്ധപ്പെട്ട് നമ്മള്‍ വികസിപ്പിച്ച എല്ലാ മാനദണ്ഡങ്ങളെയും കാറ്റില്‍പ്പറത്തിയത്. പൊതുപരീക്ഷയില്‍ അവ അട്ടിമറിക്കപ്പെടുമെങ്കില്‍ പാഠ്യപദ്ധതി സമീപനങ്ങളെ സംബന്ധിച്ച് നാം ഇനി അധ്യാപകരോട് എന്താണ് പറയുക? ഏതുതരത്തിലുള്ള വിലയിരുത്തല്‍ സമീപനത്തെക്കുറിച്ചാണ് പറയുക? ഇതൊന്നും പാഠ്യപദ്ധതിക്കൊപ്പം നില്‍ക്കേണ്ടുന്ന സംഘടനയ്ക്ക് പോലും പ്രധാനമല്ലന്നല്ലേ അതിലെ റിസല്‍ട്ടിനെ മാത്രം മുന്‍നിര്‍ത്തിയുള്ള തീര്‍പ്പുകളില്‍ ഉള്ളത്. 

5. ശ്രീ.പി.പ്രേമചന്ദ്രന്‍ തന്‍റെ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ സാധൂകരണത്തിനായി ബോധപൂര്‍വ്വം മറക്കുന്നത് ഈ അധ്യാപക പ്രസ്ഥാനത്തിന്‍റെ ഭൂത-വര്‍ത്തമാനകാലങ്ങളെക്കൂടിയാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കാധാരം സംഘടന കൂടിയൊരുക്കിയ അവസരങ്ങളും സാധ്യതകളുമാണെന്ന് അദ്ദേഹത്തിന് പോലും വിസ്മരിക്കാനാവില്ല. 

അധ്യാപക പ്രസ്ഥാനത്തിന്‍റെ ഭൂത-വര്‍ത്തമാനകാലങ്ങളെ ഒരുകാലത്തും ഞാന്‍ വിസ്മരിച്ചിട്ടില്ല. സംഘടനയുടെ കരുത്തരായ മുന്‍സാരഥികള്‍ക്കൊപ്പം കരിക്കുലവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം ഒന്നിച്ചുചരിക്കാനുള്ള അവസരം എനിക്കും ലഭിച്ചിട്ടുണ്ട്. റഷീദ് കണിച്ചേരി മാഷ്‌ മുതലെങ്കിലും ആ ബന്ധം ആരംഭിക്കുന്നുണ്ട്. ഉസ്മാൻ മാഷ്, ഷാജഹാന്‍ മാഷ്‌, കെ സി ഹരികൃഷ്ണന്‍ മാഷ്‌ എന്നിവര്‍ക്കൊപ്പം അവര്‍ ഏല്‍പ്പിക്കുന്ന എല്ലാ ചുമതലകളും നിര്‍വ്വഹിച്ചിട്ടുണ്ട്. പാറ ചന്ദ്രൻ മാഷെപ്പോലെ ഉശിരനായ സംഘടനാനേതാവിനെയും ഈ ഘട്ടത്തിൽ ഓർത്തുപോവുകയാണ്. അധ്യാപക ലോകത്തില്‍ ഞാൻ നിരന്തരം എഴുതിയിട്ടുണ്ട്. പലപല സന്ദര്‍ഭങ്ങളില്‍ സംഘടനയെ ആവുംവിധം സഹായിച്ചിട്ടുണ്ട്. 

താങ്കളുടെ വിശദീകരണക്കുറിപ്പിലെ ഏറ്റവും അപമാനകരമായ ഒന്ന്  സംഘടന ഒരുക്കിയ അവസരങ്ങളും സാധ്യതകളുമാണ്  എന്റെ  വ്യക്തിപരമായ നേട്ടങ്ങള്‍ക്കാധാരം എന്നവാക്യമാണ്. എന്തറിഞ്ഞിട്ടാണ് താങ്കളുടെ ഈ പ്രസ്താവന? ഞാന്‍ വ്യക്തിപരമായ ഒരു നേട്ടത്തിനായും ഇന്നുവരെ സംഘടനയുടെ മുന്നില്‍ വന്നിട്ടില്ല. അങ്ങനെ ഒരു സന്ദര്‍ഭം ചൂണ്ടിക്കാട്ടിത്തന്നാല്‍ നിരുപാധികം പരസ്യമായി സംഘടനയോട് മാപ്പപേക്ഷിക്കാൻ ഞാന്‍ തയ്യാറാണ്.  ഞാന്‍ പാഠ്യപദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുന്നത് കെ സുരേഷ് കുമാര്‍ ഐ എ എസ് SCERT ഡയറക്ടര്‍ ആയിരിക്കുമ്പോഴാണ്. അപ്പോള്‍ യു ഡി എഫ്‌ ആണ് കേരളം ഭരിക്കുന്നത്. പിന്നീട് വിദ്യാഭ്യാസത്തിന്റെയും പാഠ്യപദ്ധതിയുടെയും നാനാവശങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ആത്മാര്‍ത്ഥമായി പരിശ്രമിച്ചതു കൊണ്ടാണ് കുറേക്കാലം എങ്കിലും എനിക്ക് SCERT പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായകമായ സ്ഥാനം ലഭിച്ചത്.  2010 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും മികച്ച വിദ്യാഭ്യാസ ലേഖനത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്കാരവും 2011 ലെ  KSTA അധ്യാപക ലോകം പുരസ്‌കാരവും ലഭിച്ചത് ആയവയ്ക്കായി നിയോഗിക്കപ്പെട്ട ജൂറിയുടെ തീരുമാനപ്രകാരം ആണെന്നാണ്‌ ഞാൻ മനസ്സിലാക്കിയത്. സംസ്ഥാനകമ്മറ്റിയാണ് മികച്ച കവിതയും കഥയും ലേഖനവും തെരഞ്ഞെടുക്കുന്നത് എങ്കില്‍ അവ മുന്‍കാലപ്രാബല്യത്തോടെ പിന്‍വലിക്കാനുള്ള നടപടിയും താങ്കള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നേര്‍വഴിയിലൂടെയല്ലാതെ ആരെയെങ്കിലും പ്രീതിപ്പെടുത്തി ഒരു സ്ഥാനവും ഞാന്‍ ഇന്നുവരെ നേടിയിട്ടില്ല എന്നതാണ് ഇതൊക്കെ പറയാനുള്ള എന്റെ ആകെ ആത്മബലം സഖാവേ. ഒരു സാധാരണ മാഷായി ജോലിയില്‍ പ്രവേശിച്ചു ഒരു മാഷായിത്തന്നെ സര്‍വ്വീസില്‍ നിന്നും പിരിയുന്നു. എസ് എസ് എ യിൽ ഉൾപ്പെടെ സ്ഥാനമാനങ്ങൾ തരപ്പെടുത്താനും ട്രാൻസ്ഫർ ഉൾപ്പെടെയുള്ള കാര്യസാധ്യത്തിനും ചുറ്റിപ്പറ്റി കൂടുന്നവരെ മാത്രമേ താങ്കൾ കണ്ടിട്ടുണ്ടാവുകയുള്ളു. അത് നമ്മുടെ സംഘടനയിലെ പത്ത് ശതമാനത്തിൽ താഴെ മാത്രം വരുന്നവരാണ്. ഈ സംഘടനയിലെ 90% അംഗങ്ങളും ആത്മാഭിമാനത്തോടെ അധ്യാപനം തൊഴിലായി സ്വീകരിച്ച് ആർജവത്തോടെ പ്രവർത്തിക്കുന്നവരാണെന്ന് ഇനി ഏതു കാലത്താണ് സഖാവെ താങ്കൾ തിരിച്ചറിയുക?

6. അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായപ്രകടനം അനവസരത്തില്‍ രക്ഷിതാക്കളിലും കുട്ടികളിലും അവരുടെ ആത്മവിശ്വാസത്തിലും ഭയാശങ്കകള്‍ നിറയ്ക്കുന്നതിന് കാരണമായിട്ടുണ്ടെന്ന ഉത്തമ ബോധ്യം അധ്യാപക - വിദ്യാര്‍ത്ഥി - രക്ഷാകര്‍തൃ പ്രതികരണങ്ങളില്‍ നിന്നും സംഘടനയ്ക്കുണ്ട്.

രക്ഷിതാക്കളിലും കുട്ടികളിലും ഭയാശങ്കകള്‍ നിറച്ചതും  അവരുടെ ആത്മവിശ്വാസത്തെ ഇളക്കിയതും അവസാന നിമിഷം അവര്‍ അന്നുവരെ പഠിക്കാതിരുന്ന നോണ്‍ഫോക്കസ് ഏരിയയില്‍ നിന്നും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമെടുത്ത ഉദ്യോഗസ്ഥരാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെ ഈ ചോദ്യഘടന തള്ളിക്കളയുകയും ഇത് അടിയന്തിരമായി പിന്‍വലിക്കണം എന്നാവശ്യപ്പെടുകയും ചെയ്തു. മൂന്നുപത്രങ്ങള്‍ മുഖപ്രസംഗങ്ങള്‍ എഴുതി. നിരവധി സംഘടനകള്‍ ഈ മാറ്റം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു. നിരവധിപേര്‍ വിവിധ മാധ്യമങ്ങളില്‍ ഈ വിമര്‍ശനം എന്നെക്കാള്‍ രൂക്ഷമായി ഉന്നയിച്ചു. സര്‍വ്വീസിലുള്ളവര്‍ തന്നെ. കാരണം അത് അത്രമേല്‍ അപകടകരമായിരുന്നു. ഇത് ചുണ്ടിക്കാണിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നവരിൽ ഭൂരിപക്ഷവും കെ എസ് ടി എ ക്കാരാവും എന്നറിഞ്ഞതുകൊണ്ടാണോ ശിക്ഷ എന്നിൽ മാത്രം ഒതുങ്ങിപ്പോയത്?

എനിക്കെതിരെ കുറ്റപത്രം വരികയും അതിന്റെ മറുപടി തള്ളിക്കളഞ്ഞു എന്നെ വിചാരണയ്ക്കായി തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയും ചെയ്തതിനു ശേഷമാണ് 2022 - 23 ലെ KSTA മെമ്പര്‍ഷിപ് പ്രവര്‍ത്തനം എന്റെ സ്കൂളില്‍ നടക്കുന്നത്. പല അംഗങ്ങളും മെമ്പര്‍ഷിപ്പ് എടുക്കുന്നതില്‍ വിമുഖത കാണിച്ചു. അവിടുത്തെ സീനിയര്‍ അംഗമായ എന്നെ ഇത്തരത്തില്‍ വിചാരണ ചെയ്യുന്ന സമീപനത്തോടുള്ള അമര്‍ഷമായിരുന്നു അത്. പക്ഷെ ഈ വർഷവും ആദ്യം മെമ്പര്‍ഷിപ്പ് പുതുക്കിയതും  അധ്യാപകലോകം വരിക്കാരനും ആയത് ഞാനാണ്. പിന്നീടാണ് മറ്റുള്ളവരും മെമ്പർഷിപ്പ് പുതുക്കിയത്. ഞാന്‍ മൂലം അവര്‍ക്ക്  കുഴപ്പം വരരുതല്ലോ. ഇപ്പോഴും ഞാന്‍ KSTA ആയി തുടരുന്നു. 

സംഘടന ഇക്കാലഘട്ടത്തില്‍ എപ്രകാരമാണ് മുന്നോട്ടുപോകുന്നത്, KSTA സഖാക്കള്‍ തന്നെ ഇപ്പോഴത്തെ നേതൃത്വത്തെ എങ്ങിനെയാണ് കാണുന്നത് എന്നതൊക്കെ മനസ്സിലാകാന്‍ എങ്കിലും ഈ സന്ദര്‍ഭം താങ്കള്‍ പ്രയോജനപ്പെടുത്തണം. 

അഭിവാദ്യങ്ങളോടെ,

പി പ്രേമചന്ദ്രന്‍.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More