മുംബൈ: ഷാറൂഖ് ഖാന്റെ മകന് ആര്യന് ഖാന് സംവിധാനം ചെയ്യുന്ന വെബ് സീരിസിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ആര്യൻ ഖാന്റെ സംവിധാന അരങ്ങേറ്റത്തിന് 'സ്റ്റാർഡം' എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ആറ് എപ്പിസോഡ് അടങ്ങുന്ന ഒരു ചെറിയ സീരീസാണ് 'സ്റ്റാർഡം'. സിനിമ വ്യാവസായത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സീരിസിന്റെ നിര്‍മാണം റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ്. ഈ വർഷം തന്നെ സീരീസ് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് സീരീസിനായി കാത്തിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം ആര്യന് ഖാന് സംവിധാനം ചെയ്ത പരസ്യ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആര്യന് ഖാന് അഭിനയത്തെക്കാള്‍ ഇഷ്ടം സിനിമ സംവിധാനം ചെയ്യുന്നതാണെന്ന് ഷാറൂഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഷാറൂഖ് ഖാന് പറഞ്ഞതുപോലെ ആര്യന് ഖാന് സംവിധാനത്തില്‍ കഴിവ് തെളിയിച്ചുവെന്നാണ് ഒരു വിഭാഗം ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, ഷാറൂഖ് ഖാന്റെ മകള്‍ സുഹാന ദി ആർച്ചീസ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.