ചെന്നൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പൊന്നിയിന്‍ സെല്വന് 2- വിന് മികച്ച പ്രതികരണം. മണിരത്നം മാജിക്കാണ് സിനിമയെന്നാണ് ഒരു വിഭാഗം ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നത്. പി എസ് 1 നേക്കാള്‍ മികച്ചതാണ് രണ്ടാം ഭാഗമെന്നും സിനിമയിലെ കഥാപാത്രങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും സിനിമ പ്രേമികള്‍ അഭിപ്രായപ്പെട്ടു. ഐശ്വര്യ റായിയുടെ കഥാപാത്രമായ നന്ദിനിയും വിക്രമിന്റെ കരികാലനും തമ്മിലുള്ള ഏറ്റുമുട്ടലാണ് സിനിമയെ മുന്പോട്ട് നയിക്കുന്നത്. ട്വിറ്ററിൽ പൊന്നിയിൻ സെൽവൻ 2 ട്രെൻഡിങ്ങായിട്ടുണ്ട്.
ആദ്യഭാഗം പോലെ തന്നെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലാണ് സിനിമ എത്തുക. ആദ്യഭാഗത്തിന് ആഗോളതലത്തില്‍ 500 കോടിയാണ് കളക്ഷനായി നേടാന്‍ സാധിച്ചത്. രണ്ടാം ഭാഗത്തിനും മികച്ച വിജയമാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ഐശ്വര്യ റായ്, വിക്രം , കാർത്തി , ജയറാം ,തൃഷ, ജയം രവി തുടങ്ങിയ വൻ താരനിര രണ്ടാം ഭാഗത്തിലുമുണ്ട്.
പി എസ് 1 കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30-നാണ് റിലീസ് ചെയ്തത്. ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തിൽ വൻ താര നിരയാണ് അണിനിരന്നത്. ഇത് സിനിമയുടെ വിജയത്തിന്റെ ഒരു പ്രധാനകാരണമായിരുന്നു. ഇതിഹാസ സാഹിത്യകാരന് കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയാണ് പൊന്നിയിന്‍ സെല്വന് ഒരുക്കിയിരിക്കുന്നത്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായാണ് പൊന്നിയിന്‍ സെല്വന് നിര്‍മ്മിച്ചിരിക്കുന്നത്.