കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത നരന് എന്ന ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രമാണ് കുന്നുമ്മേല്‍ ശാന്ത. ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് നടി സോനാ നായരാണ്. ചിത്രത്തില്‍ കുറച്ചു സീനുകളില്‍ മാത്രമേയുളളുവെങ്കിലും പ്രേക്ഷകപ്രശംസ നേടിയ കഥാപാത്രമാണ് സോനാ നായരുടേത്. ഇപ്പോഴിതാ അത് മുഴുനീള കഥാപാത്രമായിരുന്നെന്നും തിയറ്ററിലെത്തിയപ്പോഴേക്കും സീനുകള്‍ വെട്ടിമാറ്റിയതാണെന്നും പറയുകയാണ് നടി. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
'എന്റെ പോസ്റ്റിനൊക്കെ ഇപ്പോഴും ആളുകള്‍ കമന്റിടാറുണ്ട് ഡിയര്‍ കുന്നുമ്മേല്‍ ശാന്ത എന്നൊക്കെ പറഞ്ഞ്. സിനിമ റീലീസായിട്ട് പതിനഞ്ചുവര്ഷത്തോളമായെന്ന് തോന്നുന്നു. ജോഷി സാറിനെപ്പോലൊരു ലെജന്ററി സംവിധായകനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതുതന്നെ വലിയ കാര്യമാണ്. കുന്നുമ്മേല്‍ ശാന്ത ഒരു മുഴുനീള കഥാപാത്രമായിരുന്നു. പക്ഷെ ഒരു ഘട്ടത്തില്‍ അതിലെ ഭാഗങ്ങള്‍ കട്ട് ചെയ്ത് പോയി. ആ കഥാപാത്രത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന മൂന്നു നാല് സീനുകളുണ്ടായിരുന്നു. പക്ഷെ ഔട്ട് വന്നപ്പോള്‍ അത് ഒഴിവാക്കി. ചിലപ്പോള്‍ സിനിമയുടെ ദൈര്‍ഘ്യം കൂടിയതുകൊണ്ട് ഒഴിവാക്കിയതായിരിക്കാം'- സോനാ നായര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ചിത്രീകരണത്തിനിടെ സംവിധായകന് ജോഷി തന്റെ അഭിനയം കണ്ട് കയ്യടിച്ചിരുന്നെന്നും നടി പറഞ്ഞു. ' സാധാരണ അങ്ങനെ ആര്‍ക്കും കയ്യടിയൊന്നും കിട്ടാത്തതാണ്. പക്ഷെ എനിക്ക് കിട്ടി. അതോര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോഴും അഭിമാനം തോന്നും. ജോഷി സാറിനോട് എനിക്ക് പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ട്'- അവര്‍ കൂട്ടിച്ചേര്‍ത്തു.