കേരളം സിൽവർ ലൈനിനുവേണ്ടി സമ്മർദ്ദം ചെലുത്തിയില്ലായിരുന്നെങ്കിൽ കേരളത്തിന് വന്ദേഭാരത് ലഭിക്കില്ലായിരുന്നു-എം വി ഗോവിന്ദൻ

കേരളം സില്‍വര്‍ ലൈനിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്തിയില്ലായിരുന്നെങ്കില്‍ കേരളത്തിന് വന്ദേഭാരത് ലഭിക്കില്ലായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തിന് നേരത്തെ തന്നെ ലഭിക്കേണ്ടിയിരുന്ന വന്ദേഭാരത് വൈകിയാണെങ്കിലും ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും കേരളത്തിന്റെ വികസനത്തില്‍ താല്‍പ്പര്യമുളള സിപിഎം പൂര്‍ണ്ണ മനസോടെ വന്ദേഭാരത് എക്‌സ്പ്രസിനെയും സ്വാഗതം ചെയ്യുകയാണെന്നും എം വി ഗോവിന്ദന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

എംവി ഗോവിന്ദന്റെ പ്രസ്താവന

വൈകിയാണെങ്കിലും വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിലെ പാളങ്ങളിലൂടെയും ഓടാന്‍ തുടങ്ങിയിരിക്കുന്നു. ചൊവ്വാഴ്ച്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ രാജ്യത്തെ 14-ാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിലൂടെ സര്‍വ്വീസ് ആരംഭിക്കും. നാലുവര്‍ഷം മുന്‍പ് ഫെബ്രുവരി പതിനഞ്ചിനാണ് ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിന് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടിയത്. ഡല്‍ഹിയില്‍നിന്ന് പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്ന വാരാണസിയിലേക്കായിരുന്നു ആദ്യത്തെ വന്ദേഭാരത് ഓടിയത്. 

നാലുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് കേരളത്തിന് അര്‍ഹമായ ഈ ട്രെയിന്‍ ലഭിക്കുന്നത്. സില്‍വര്‍ ലൈന്‍ പ്രൊജക്ടിനുവേണ്ടി കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കിയില്ലായിരുന്നെങ്കില്‍ ഇപ്പോഴും ഈ വന്ദേഭാരത് കേരളത്തിന് ലഭിക്കില്ലായിരുന്നു. ഏതായാലും കേരളത്തിന് നേരത്തെ തന്നെ ലഭിക്കേണ്ടിയിരുന്ന വന്ദേഭാരത് വൈകിയാണെങ്കിലും ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കേരളത്തിന്റെ വികസനത്തില്‍ താല്‍പ്പര്യമുളള സിപിഎം പൂര്‍ണ്ണ മനസോടെ തന്നെ വന്ദേഭാരത് എക്‌സ്പ്രസിനെയും സ്വാഗതം ചെയ്യുന്നു.

എന്നാല്‍ കേരളത്തിലെ റെയില്‍ യാത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള ഒറ്റമൂലിയാണ് വന്ദേഭാരത് എന്ന വാദത്തോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ല. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികാസം റെയില്‍വേയിലും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുക തുപ്പുന്ന, കൂകിപ്പായുന്ന ആവി എഞ്ചിനുകളുളള തീവണ്ടികളല്ല ഇന്ന് ഓടുന്നത്. ഡീസല്‍, ഇലക്ട്രിക് എഞ്ചിനുകളാണ് അവയ്ക്കുളളത്. മീറ്റര്‍ ഗേജുകള്‍ ബ്രോഡ് ഗേജുകളായി മാറിയിരിക്കുന്നു. ബോഗികളിലും വലിയ മാറ്റം വന്നിരിക്കുന്നു. രാജധാനി, ശദാബ്ദി ട്രെയിനുകളും വന്നു. ഇതിന്റെ തുടര്‍ച്ചയാണ് വന്ദേഭാരതും. അതായത് റെയില്‍വേയില്‍ ഉണ്ടായിട്ടുളള ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ ഭാഗമായി ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന സെമി ഹൈ സ്പീഡ് ട്രെയിനാണ് വന്ദേഭാരത്. 

ഇന്ത്യയിലെ ഒരു സംസ്ഥാനമെന്ന നിലയ്ക്ക് അത് ലഭിക്കേണ്ടത് കേരളത്തിന്റെ ന്യായമായ ആവശ്യമാണ്. കേന്ദ്രത്തിന്റെയോ കേന്ദ്രഭരണകക്ഷിയുടെയോ ഔദാര്യമായി ലഭിക്കേണ്ടതല്ല ഈ ട്രെയിന്‍. ഫെഡറല്‍ സംവിധാനത്തോട് ആദരവോ ബഹുമാനമോ ഇല്ലാത്തവരാണ് അത് കേന്ദ്രത്തിന്റെ ഔദാര്യമായി ചിത്രീകരിക്കുന്നത്. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരമായാണ് കേന്ദ്രസര്‍ക്കാരും കേന്ദ്ര ഭരണകക്ഷിയും വന്ദേഭാരതിനെ അവതരിപ്പിക്കാന്‍ വിയര്‍ക്കുന്നത്. 160 കിലോമീറ്റര്‍ വരെ വേഗത്തിലോടാന്‍ കഴിയുന്നതാണ് വന്ദേഭാരത്. എന്നാല്‍ ആ വേഗത്തില്‍ കേരളത്തില്‍ ഓടാന്‍ കഴിയില്ലെന്ന് ട്രയല്‍ റണ്‍ തെളിയിച്ചു. ആദ്യ ട്രയല്‍ റണ്ണില്‍ ശരാശരി 70 കിലോമീറ്റര്‍ മാത്രം. ഒരു വിവരാവകാശ രേഖ വ്യക്തമാക്കിയത്, ഇന്ത്യയില്‍ വന്ദേഭാരതിനുളള ശരാശരി വേഗം 83 കിലോമീറ്റര്‍ മാത്രമാണ് എന്നാണ്.

അതുപോലും കേരളത്തില്‍ നേടാനായില്ല. കൈവരിക്കാവുന്ന വേഗത്തിന്റെ പകുതിപോലും ശരാശരി വേഗം നേടാന്‍ കേരളത്തില്‍ വന്ദേഭാരതിന് കഴിയില്ലെന്ന് വ്യക്തമായി. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് ഏഴുമണിക്കൂര്‍ പത്തുമിനിറ്റെടുത്താണ് വന്ദേഭാരത് എത്തിയത്. അതായത് രാജധാനിയേക്കാള്‍ 47 മിനിറ്റ് ലാഭം മാത്രമാണ് വന്ദേഭാരതിലൂടെ ലഭിക്കുന്നത്. എന്താണ് അതിനു കാരണം, അതിവേഗത്തില്‍ ഓടാന്‍ പറ്റുന്ന പാളമല്ല കേരളത്തിലുളളത് എന്നതുതന്നെ. വളവുകളും തിരിവുകളും ഏറെയുളള പാളങ്ങളാണ് നമുക്കുളളത്. 

തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡ് വരെ 626 വളവുകളുണ്ട്. ഇത് നികത്താതെ വന്ദേഭാരതിനോ രാജധാനിക്കോ ജനശദാബ്ദിക്കോ ആര്‍ജിക്കാവുന്ന വേഗത നേടാന്‍ കഴിയില്ല. ഈ വളവുകള്‍ പുനക്രമീകരിക്കാന്‍ 10 വര്‍ഷമെങ്കിലും എടുക്കുമെന്നാണ് ഈ മേഖലയില്‍ അറിവുളള ഇ ശ്രീധരന്‍ തന്നെ പറയുന്നത്. മാത്രമല്ല, അരലക്ഷം കോടി രൂപയെങ്കിലും ഇതിനായി ചെലവഴിക്കേണ്ടിവരും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ കഴിയുന്ന വന്ദേഭാരത് 80,100 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കുന്നത് തനി വിഡ്ഡിത്തമാണെന്ന് ബിജെപി നേതാവുകൂടിയായ ഇ ശ്രീധരന്‍ പറയുകയുണ്ടായി. 

കേരളത്തിലെ റെയില്‍വേയുടെ ഈ പരാധീനതയ്ക്കുകാരണം വര്‍ഷങ്ങളായുളള കേന്ദ്ര അവഗണന തന്നെയാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ അത് കോണ്‍ഗ്രസായാലും ബിജെപിയായാലും തെക്കെ അറ്റത്തുളള ഈ കൊച്ചു സംസ്ഥാനത്തോട് കടുത്ത അവഗണനയാണ് കാട്ടിയത്. വേഗത്തിലോടാനുളള പാളങ്ങള്‍ ഒരുക്കാനുളള ഒരു പദ്ധതിയും ഇതുവരെ കേരളത്തിന് ലഭിച്ചില്ല. വാഗ്ദാനം ചെയ്ത കോച്ച് ഫാക്ടറിയും നിഷേധിച്ചു. നേമം ഉപഗ്രഹ ടെര്‍മിനല്‍, ചേര്‍ത്തല വാഗണ്‍ ഫാക്ടറി എന്നിവ വാഗ്ദാനത്തില്‍ ഒതുങ്ങി. കേരളത്തിന് ഒരു റെയില്‍വേ സോണ്‍ വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്ന് മാത്രമല്ല, പാലക്കാട് ഡിവിഷന്റെ കീഴിലുളള 68 ശതമാനവും കവര്‍ന്നുകൊണ്ട് സേലം ഡിവിഷന് രൂപം നല്‍കുകയും ചെയ്തു. ഓട്ടോമാറ്റിക് സിഗ്നല്‍ സിസ്റ്റം, പാതകളുടെ ആധുനിക വത്ക്കരണം തുടങ്ങി എല്ലാ മേഖലയിലും കേരളത്തോട് കടുത്ത അവഗണനയാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടിയിട്ടുളളത്.  

അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ബജറ്റ്. രാജ്യത്താകെ പുതിയ പാതകള്‍ക്കായി 31,850 കോടി രൂപ അനുവദിച്ചപ്പോള്‍ കേരളത്തിന് അനുവദിച്ചത് 0.31 ശതമാനം മാത്രമാണ്. കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണിത്. ഞാന്‍ നേരത്തെ സൂചിപ്പിച്ച ശാസ്ത്രസാങ്കേതിക വളര്‍ച്ചയുടെ ആനുകൂല്യം ഉപയോഗിച്ചാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പ്രോജക്ട് മുന്നോട്ടുവെച്ചത്. വന്ദേഭാരത് എക്‌സ്പ്രസിനേക്കാള്‍ ഒരുപടി കൂടി മുന്നില്‍നില്‍ക്കുന്നതാണ് സില്‍വര്‍ ലൈന്‍. അതിവേഗ ട്രെയിന്‍ അനുവദിച്ചെങ്കിലും അത് ഓടിക്കാനുളള അതിവേഗ പാതയില്ലെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴെങ്കിലും എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ടാകും. ഇത് അറിയുന്നതുകൊണ്ടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി വാദിക്കുന്നത്.

നിലവിലുളള പാളങ്ങളിലെ വളവുകളും മറ്റും നേരെയാക്കുന്നതിന് 10 വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അതിലും കുറച്ചുസമയം മതിയാകും സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമാകാന്‍. ഇതിനായി പുതിയ പാളം തന്നെ നിര്‍മ്മിക്കുന്നതിനാല്‍ വിഭാവനം ചെയ്യുന്ന വേഗം കൈവരിക്കാന്‍ സാധിക്കും. വന്ദേഭാരതിന്റെ പകുതി സമയംകൊണ്ട് സില്‍വര്‍ ലൈന്‍ വണ്ടികള്‍ ലക്ഷ്യസ്ഥാനത്ത് എത്തും. വന്ദേഭാരത് പരിമിതമായ സര്‍വ്വീസുകളാണ് ഉളളതെങ്കില്‍ സില്‍വര്‍ ലൈന്‍ 20 മിനുറ്റില്‍ ഒരു സര്‍വ്വീസുണ്ടാകും.

കേരളത്തിലെ ഒരു നഗരത്തില്‍നിന്നും രാവിലെ പുറപ്പെട്ട് വൈകീട്ട് മടങ്ങിയെത്താന്‍ ഈ സര്‍വ്വീസ് ഉപയോഗിക്കുന്നവര്‍ക്ക് കഴിയും. മാത്രമല്ല, വന്ദേഭാരതിനേക്കാള്‍ ടിക്കറ്റ് നിരക്ക് കുറവാണുതാനും. അതായത് സില്‍വര്‍ ലൈനിന് ഒരുതരത്തിലും വന്ദേഭാരത് പകരമാവില്ല. എന്നാല്‍, വന്ദേഭാരത് വന്നതോടെ പിണറായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച സില്‍വര്‍ ലൈന്‍ പദ്ധതി മരിച്ചെന്ന് ചിലര്‍ ആഘോഷിക്കുകയാണ്. എംവി ഗോവിന്ദന്റെ ദിവാസ്വപ്‌നമായി സില്‍വര്‍ ലൈന്‍ പദ്ധതി അവശേഷിക്കുമെന്നുവരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ തട്ടിവിട്ടു.  ഭാവികേരളം ഉറ്റുനോക്കുന്ന പദ്ധതി തകര്‍ന്നുകാണാനുളള അമിതാവേശമാണ് ഈ വാക്കുകളില്‍ നിറഞ്ഞുതുളുമ്പിയത്. 

എന്നാല്‍, സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയെ വെല്ലുവിളിക്കാന്‍ ബിജെപിക്ക് എന്നല്ല, കേന്ദ്രസര്‍ക്കാരിനും കഴിയില്ലെന്ന് തൊട്ടടുത്ത ദിവസംതന്നെ സംസ്ഥാന ബിജെപി നേതൃത്വത്തിന് ബോധ്യപ്പെട്ടു. കേരളത്തില്‍നിന്നുളള കേന്ദ്രമന്ത്രി വി മുരളീധരനെ കൂടെയിരുത്തി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത് സില്‍വര്‍ ലൈന്‍ പദ്ധതി അടഞ്ഞ അധ്യായമല്ല എന്നാണ്. നിലവിലുളള ഡിപിആര്‍ പ്രായോഗികമല്ല ന്നുമാത്രമാണ് റെയില്‍വേ മന്ത്രാലയം പറഞ്ഞതെന്നും സമഗ്ര പദ്ധതി സമര്‍പ്പിച്ചാല്‍ അക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും റെയില്‍വേ മന്ത്രി വിശദീകരിക്കുകയുണ്ടായി. 

ഇന്നല്ലെങ്കില്‍ നാളെ ഈ പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്രം നിര്‍ബന്ധിതരാകും. രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്കു മാത്രമേ കേരളത്തിന്റെ മുന്നോട്ടുകുതിപ്പിനെ തടയണമെന്ന് തോന്നുകയുളളു. കേരളത്തിലെ യുഡിഎഫും ബിജെപിയും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. എന്നാല്‍ ഒരുകാര്യം ഉറപ്പിച്ചുപറയാം. ദേശീയപാതയും ഗെയില്‍ പദ്ധതിയും യാഥാര്‍ത്ഥ്യമാക്കിയ പിണറായി സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയും യാഥാര്‍ത്ഥ്യമാക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 13 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More