മലപ്പുറം: പ്ലസ് വണ്‍ പരീക്ഷാ ചോദ്യപ്പേപ്പറുകളുടെ നിറം പിങ്ക് കലര്‍ന്ന ചുവപ്പായതില്‍ പരിഹാസവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി കെ അബ്ദുറബ്ബ്. പേപ്പറിലെ ചോദ്യങ്ങള്‍ അച്ചടിച്ചിരിക്കുന്നതും ചുവപ്പ് മഷിയിലാണ്. പച്ചമഷിയാവാഞ്ഞത് ഭാഗ്യം. ഇല്ലെങ്കില്‍ താന്‍ രാജിവയ്‌ക്കേണ്ടിവന്നേനേ എന്നാണ് അബ്ദുറബ്ബിന്റെ പരിഹാസം.
'അന്നൊക്കെ ചോദ്യപ്പേപ്പറില്‍ ചോദ്യങ്ങള്‍ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാല്‍ ചന്ദ്രഹാസമിളകുകയും അഞ്ചാറ് കെ എസ് ആര്‍ ടി സി ബസുകള്‍ എറിഞ്ഞു തകര്‍ക്കുകയും മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജില്‍ വരെ കയറി ചാക്യാര്‍കൂത്ത് നടത്തുകയും ചെയ്തിരുന്നു. എന്തെല്ലാം 'പാരമ്പര്യ കല' കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നത്'- പി കെ അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ ആരംഭിച്ച പ്ലസ് വണ്‍ പരീക്ഷകളുടെ ചോദ്യപ്പേപ്പറാണ് കറുത്ത മഷിക്കുപകരം ചുവപ്പ് മഷിയില്‍ അച്ചടിച്ചുവന്നത്. ഒരേസമയം പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ നടക്കുന്നതിനാല്‍ മാറി വിതരണം ചെയ്യുന്നത് ഒഴിവാക്കാനായാണ് ചോദ്യപ്പേപ്പറിന്റെ നിറം മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു.