മുംബൈ: വിവാദങ്ങള്‍ക്കിടയില്‍ പത്താനിലെ പുതിയ ഗാനമെത്തി. ഒരു മണിക്കൂറില്‍ 2 രണ്ട് മില്യണ്‍ പേരാണ് വിഡിയോ കണ്ടത്. സിനിമയിലെ ആദ്യ ഗാനം വിവാദമായതിനോടോപ്പം ഹിറ്റ് ആവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ രണ്ടാമത്തെ ഗാനവും പുറത്തുവിട്ടത്. ചൈതന്യ പ്രസാദിന്റെ വരികള്‍ ഹരിചരണ്‍ ശേഷാദ്രിയും സുനിത സാരഥിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം റിലീസ് ചെയ്തത്. ഇതില്‍ ദീപിക പദുക്കോണ്‍ ഒരു സീനില്‍ ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ അനുകൂലികള്‍ സിനിമയ്ക്കെതിരെ ബഹിഷ്കരണാഹ്വാനവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാർ ഷാറൂഖ് ഖാന്റെയും ദീപകയുടെയും കോലം കത്തിക്കുകയും ചെയ്തിരുന്നു.
അടുത്ത വര്‍ഷം ജനുവരി 25- നാണ് ചിത്രം തിയേറ്ററിലെത്തുക. നാലുവര്‍ഷത്തിനുശേഷം ഷാറൂഖ് ഖാന് മുഴുനീള കഥാപാത്രത്തെ അവതരിക്കുന്ന സിനിമയാണ് പത്താന്. അതുകൊണ്ടുതന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമക്കായി കാത്തിരിക്കുന്നത്. സിനിമയുടെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. സസ്പെന്‍സും ആക്ഷനും നിറഞ്ഞുനില്ക്കുന്ന ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ജോൺ എബ്രഹാമും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.
സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്. സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹൃതിക് റോഷന്റെ സൂപ്പർഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാർഥ് സംവിധാനംചെയ്യുന്ന ചിത്രം കൂടിയാണിത്. യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2018-ൽ പുറത്തിറങ്ങിയ സീറോയാണ് ഷാറൂഖ് ഖാന്റെതായി ഒടുവിലിറങ്ങിയ സിനിമ.