ഡല്‍ഹി: അടുത്ത വര്‍ഷം ഗുജറാത്തില്‍നിന്ന് പശ്ചിമബംഗാളിലേക്ക് ഭാരത് ജോഡോ യാത്ര നടത്തുന്ന കാര്യം കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മാധ്യമവിഭാഗം മേധാവിയുമായ ജയ്റാം രമേശ്. ഇത്തവണ യാത്ര തെക്കുനിന്ന് വടക്കോട്ടായതിനാല്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തുനിന്നും കിഴക്കിലേക്ക് യാത്ര ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ താന്‍ ഉറപ്പുപറയുന്നില്ലെന്നും ജയ്റാം രമേശ് പറഞ്ഞു. മഹാരാഷ്ട്രയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എനിക്ക് നിങ്ങള്‍ക്ക് ഗ്യാരണ്ടി നല്കാന് സാധിക്കില്ല. പക്ഷേ ഈ യാത്ര തെക്കുനിന്ന് വടക്കോട്ടായതിനാല്‍ പടിഞ്ഞാറന്‍ ഇന്ത്യയില്‍നിന്ന് കിഴക്കിലേക്ക് ഒരു യാത്ര ഉണ്ടാവാം. അതിനുളള സാധ്യതയുണ്ട്. ജനങ്ങളില്‍നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച പ്രതികരണവും പിന്തുണയും തുടരേണ്ടതുണ്ട്. കോണ്‍ഗ്രസിനെക്കുറിച്ചുളള ജനങ്ങളുടെ കാഴ്ച്ചപ്പാടില്‍ വലിയ വ്യത്യാസമുണ്ടാക്കാന്‍ ഭാരത് ജോഡോ യാത്രയ്ക്ക് സാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് ജനങ്ങളുമായി ബന്ധപ്പെടാനുളള ഒരു മാര്‍ഗമാണ് ഈ യാത്ര'-ജയ്റാം രമേശ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര വിജയകരമാണെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ മധ്യപ്രദേശിലെത്തി നില്ക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ജനങ്ങളില്‍നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാപകദിനമായ ഡിസംബര്‍ 28-ന് അസം, ഒഡീഷ, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ പ്രത്യേകം യാത്ര സംഘടിപ്പിക്കാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്.