കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ പുകഴ്ത്തി സ്പീക്കര്‍ എ എന്‍ ഷംസീര്‍. തരൂര്‍ ലോകപ്രശസ്തനാണെന്നും താന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്നും ഷംസീര്‍ പറഞ്ഞു. ശശി തരൂരിനെ വേദിയിലിരുത്തിയായിരുന്നു സ്പീക്കറുടെ പരാമര്‍ശം. മാഹി കലാഗ്രാമത്തില്‍ ടി പത്മനാഭന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് ഷംസീര്‍ തരൂരിനെ പുകഴ്ത്തിയത്. ശശി തരൂരിന് കോണ്‍ഗ്രസില്‍ അപ്രഖ്യാപിത വിലക്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തിലാണ് ഷംസീറിന്റെ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, താന്‍ പങ്കെടുത്ത പരിപാടിയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് മാറിനിന്നതില്‍ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണത്തില്‍ നേതൃത്വമാണ് മറുപടി പറയേണ്ടതെന്നും കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നയാളുകള്‍ തന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയെന്നും ശശി തരൂര്‍ പറഞ്ഞു.
'ഇന്നലെ നടന്ന പരിപാടിയില്‍ ഒരുപാട് യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളുണ്ടായിരുന്നു. ഹാളില്‍ നില്‍ക്കാനും ഇരിക്കാനും സ്ഥലമില്ലായിരുന്നു. കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നവര്‍ നമ്മെ കേള്‍ക്കാനും വിഷയത്തെക്കുറിച്ച് അറിയാനും എത്തിയിരുന്നു. എംകെ രാഘവന് എംപിയും വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അതുകഴിഞ്ഞ് നോക്കാം'-എന്നാണ് ശശി തരൂര്‍ പറഞ്ഞത്.