കൊച്ചി: അടുത്തിടെ പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര ഫിലിപ്പ് എന്നിവര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പ്രെഗ്നന്‍സി പോസിറ്റീവ് ചിത്രം ചര്‍ച്ചയായിരുന്നു. ആദ്യം പ്രേക്ഷകര്‍ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് അത് സിനിമാ പ്രമോഷനാണെന്ന് മനസിലായിരുന്നു. കൂടുതലൊന്നും പറയാതെ 'വണ്ടര്‍ ബിഗിന്‍സ്' എന്ന തലക്കെട്ടില്‍ സാമൂഹിക മാധ്യമങ്ങളില്‍ താരങ്ങള്‍ പങ്കുവെച്ച സിനിമ ആരുടെതാണെന്ന തരത്തിലായിരുന്നു പിന്നീടുള്ള അന്വേഷണങ്ങള്‍. ഇപ്പോള്‍ അക്കാര്യത്തിനും വിശദീകരണം ലഭിച്ചിരിക്കുകയാണ്. അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ പുരുഷ താരങ്ങള്‍ ആരും തന്നെ അഭിനയിക്കുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പാര്‍വതി തിരുവോത്ത്, സയനോര, നിത്യ മേനോന്‍, പദ്മ പ്രിയ, നദിയ മൊയ്തു, അര്‍ച്ചന പദ്മിനി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളെ കൈകര്യം ചെയ്യുന്നത്. സ്ത്രീ കേന്ദ്രീകൃതമായ ചിത്രം പഴയ കാലത്തെ പ്രസവ രീതികളും പുതിയ തലമുറയിലുണ്ടായ മാറ്റങ്ങളും കാഴ്ചപ്പാടുകളുമാണ് ചര്‍ച്ച ചെയ്യുന്നത്. സിങ്ക് സൗണ്ടില്‍ ഷൂട്ട് ചെയ്ത ചിത്രത്തില്‍ മലയാളം, ഇംഗ്ലീഷ്, മറാത്തി, തമിഴ് ഭാഷകളില്‍ സംസാരിക്കുന്ന കഥാപാത്രങ്ങളുമുണ്ട്. കൂടാതെ പിന്നണി ഗായിക സയനോര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
സോണി ലൈവിന് വേണ്ടി ഒരുക്കുന്ന ചിത്രം അഞ്ജലി മേനോന്‍റെ ഉടമസ്ഥതയിലെ ലിറ്റില്‍ ഫിലിംസും ബോംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഉടന്‍ തന്നെ സോണി ലൈവില്‍ സ്ട്രീം ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജും പാര്‍വതിയും പ്രധാന വേഷത്തിലെത്തിയ 'കൂടെ'യ്ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. മനീഷ് മാധവന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കോഴിക്കോടും സമീപ പ്രദേശങ്ങളിലുമായി 15 ദിവസങ്ങള്‍ക്കൊണ്ടാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.