വിനീത് ശ്രീനിവാസന് നായകനാകുന്ന 'അഡ്വ. മുകുന്ദന് ഉണ്ണി അസോസിയേറ്റി'ന്റെ ട്രെയിലര്‍ അനൗൺസ്മെന്റ് വൈറല്‍. സിനിമയുടെ പ്രമോഷന് വളരെ വ്യത്യസ്തമായ രീതിയാണ് അണിയറപ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത്. ആദ്യം സലിം കുമാറിന്റെ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രവും വിനീത് ശ്രീനിവാസന്റെ പുതിയ കഥാപാത്രവും തമ്മില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ വന്‍ വൈറലായിരുന്നു.
അതിനുപിന്നാലെ 'ആദ്യത്തെ സൈക്കിളിൽ ചത്തുപോയ അച്ഛനോടൊപ്പം' എന്ന ക്യാപ്ഷന്‍ നല്കി ഫേസ്ബുക്കില്‍ അഡ്വ. മുകുന്ദന് ഉണ്ണിയെന്ന പ്രൊഫൈലില്‍ ഒരു ചിത്രവും പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ഇത് സിനിമയുടെ പ്രമോഷന് പരിപാടിയാണെന്ന് മനസിലാകാതെ വൈകാരികമായി പ്രതികരിച്ചവരും ഏറെയാണ്. സ്വന്തം അച്ഛനെക്കുറിച്ച് ഇങ്ങനെ പറയാമോ, നിന്നെയൊക്കെ അഡ്വക്കേറ്റാക്കന് ആ അച്ഛന് എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും, ഇത്തരം പ്രയോഗങ്ങള്‍ നടത്തരുത്, മനുഷ്യനെ ചത്തുവെന്ന് പറയരുത് തുടങ്ങിയ നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചത്.
ഇതിനിടയിലാണ് വ്യത്യസ്തമായ രീതിയില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ട്രെയിലര്‍ അനൗൺസ്മെന്റ് നടത്തിയിരിക്കുന്നത്. 'ഭൂലോക നാറികളായ ഒരുപറ്റം കലാകാരന്മാർ എന്നെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് ഒരു സിനിമയെടുത്തിരിക്കുന്നു. അതും എന്റെ കോട്ടയായ കല്പറ്റയില്. ജോലിത്തിരക്കിനിടയില്‍ എനിക്ക് അത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അവര്‍ അതിന്റെ ട്രെയിലര്‍ റിലീസ് ചെയ്യാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു. റിലീസ് ആവട്ടെ, കാണിച്ച് കൊടുക്കാം ഞാന്‍ ആരാണെന്ന് എന്താണെന്ന്' എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വിനീത് ശ്രീനിവാസനാണ് അഡ്വ. മുകുന്ദന് ഉണ്ണിയായി എത്തുന്നത്. ഇന്ന് രാത്രി 7 മണിക്കാണ് ട്രെയിലര്‍ പുറത്തിറങ്ങുന്നത്. സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, ആർഷ ചാന്ദിനി ബൈജു, നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.