'കിട്ടുന്നതെന്തും വായിച്ചാണ് ഞാന്‍ തുടങ്ങിയത്'- എം. ടി. വാസുദേവന്‍ നായര്‍/ മാങ്ങാട് രത്നാകരന്‍

മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ എം ടി വാസുദേവന്‍ നായരുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മാങ്ങാട് രത്നാകരന്‍ നടത്തിയ സംഭാഷണത്തിലെ ചെറിയൊരു ഭാഗം വായനാദിനത്തോടനുബന്ധിച്ച് മുസിരിസ് പോസ്റ്റ് പങ്കുവെയ്ക്കുകയാണ്. തന്നെ സ്വാധീനിച്ച എഴുത്തുകാര്‍, വായനയുടെ ലോകം, പുസ്തകങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ചാണ് എം ടി സംസാരിക്കുന്നത്. ഏഷ്യാനെറ്റാണ് മാങ്ങാട് രത്നാകരന്‍ /എം ടി വാസുദവന്‍ നായര്‍ സംഭാഷണം സംപ്രേക്ഷണം ചെയ്തത്. 

മാങ്ങാട് രത്നാകരന്‍: കുട്ടിക്കാലത്തെ വായന എങ്ങനെയായിരുന്നു, ഏതെല്ലാമായിരുന്നു?

എം ടി വാസുദവന്‍ നായര്‍: ആദ്യകാലത്ത് കിട്ടുന്നതെന്തും വായിക്കുമായിരുന്നു. കുട്ടിക്കാലത്ത് പുസ്തകങ്ങള്‍ കിട്ടാന്‍ പ്രയാസമായിരുന്നു. മഹാകവി അക്കിത്തത്തിന്റെ വീട്ടില്‍ പോയി പുസ്തകമെടുക്കും. മലയാളവും ഇംഗ്ലീഷും. ഹൈസ്‌കൂളിലൊന്നും അന്ന് അധികം പുസ്തകങ്ങളൊന്നുമില്ല. അതിന്റെ ചുമതലയുള്ള അധ്യാപകനോട്, വൈകുന്നേരം ചെന്നിട്ട് പുസ്തകം ചോദിച്ചാല്‍ 'പിന്നെ വാ' എന്ന മറുപടിയാണ് കിട്ടുക. വീട്ടില്‍പ്പോകാനുള്ള തിടുക്കമാണ്.

കൃത്യമായ വായന തുടങ്ങുന്നത് കോളേജില്‍ എത്തുമ്പോഴാണ്. വിക്‌ടോറിയ കോളേജില്‍ നല്ല ലൈബ്രറി ഉണ്ടായിരുന്നു. പുസ്തകമെടുക്കാന്‍ കാര്‍ഡ് ഉണ്ട്, കാര്‍ഡ് ഉപയോഗപ്പെടുത്താത്തവരുണ്ട്, അവരുടെ കാര്‍ഡ് ഉപയോഗപ്പെടുത്തിയും പുസ്തകമെടുക്കും. അവധിക്കാലമാണെങ്കില്‍ ഒരുപാട് പുസ്തകങ്ങള്‍ എടുത്തിട്ടാണ് വരിക. അന്ന് എന്റെ അദ്ധ്യാപകനായിരുന്നു പ്രൊഫസര്‍ കെ.പി.നമ്പ്യാര്‍. നല്ല വായനക്കാരനാണ്. അദ്ദേഹം ഞാന്‍ വായിക്കുന്ന പുസ്തകങ്ങളൊക്കെ നോക്കും. ഇങ്ങനെ ചിട്ടയില്ലാതെ വായിക്കരുത്, ഒന്നുകില്‍ ക്ലാസിക്കുകള്‍ തൊട്ട് തുടങ്ങുക. അന്ന് എന്റെ മേശപ്പുറത്ത് ഇബ്‌സന്റെ ഒരു നാടകമുണ്ടായിരുന്നു. 'താന്‍ ഇബ്‌സനും വായിക്ക്വോ' എന്നു ചോദിച്ചു. നാടകമാണ് വായിക്കുന്നതെന്നു വെച്ചാല്‍ അതിന്റെ ചരിത്രം കിട്ടാവുന്ന രീതിയില്‍ വായിക്കണം. ഏതെങ്കിലും ഒരു വിഷയത്തില്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ വളര്‍ച്ചയെക്കുറിച്ച് ഒരു ഐഡിയ കിട്ടും എന്നൊക്കെ പറഞ്ഞു തന്നു.

മൂത്ത ജ്യേഷ്ഠന്‍ എം.ടി.ഗോവിന്ദന്‍ നായര്‍ ധാരാളം വായിച്ചിരുന്ന ആളാണ്. പുസ്തകങ്ങള്‍ക്കായി എന്നെ പലേദിക്കിലേക്കും അയയ്ക്കും. അന്ന് കെ.പി.മാധവമേനോന്‍ എന്ന വലിയ കമ്മ്യൂണിസ്റ്റ് നേതാവുണ്ടായിരുന്നു. ദേശാഭിമാനിയുടെ മാനേജര്‍ കൂടിയായിരുന്നു ഒരു ഘട്ടത്തില്‍. അദ്ദേഹം മര്‍ദ്ദനമേറ്റ് അവശനിലയില്‍ കുമരനെല്ലൂരിലെ വീട്ടില്‍ത്തന്നെയായിരുന്നു. പുറത്തേയ്ക്ക് പോകുക പതിവില്ല. ജ്യേഷ്ഠന്‍ കുറിപ്പ് കൊടുത്തയക്കും, അവിടുന്ന് ഞാന്‍ പുസ്തകങ്ങളൊക്കെ കൊണ്ടുവന്ന് കൊടുക്കും. അങ്ങിനെയിരിക്കെ ഒരു ദിവസം ഏട്ടന്‍, "ഇതു വായിച്ചാല്‍ നിനക്ക് മനസ്സിലാകും" എന്ന് പറഞ്ഞുകൊണ്ട് എന്റെ മേശപ്പുറത്തേയ്ക്ക് ഒരു പുസ്തകമിട്ടു. അത് തോമസ് ഹാര്‍ഡിയുടെ ഒരു നോവലായിരുന്നു. അതുവരെ ഞാന്‍ മലയാളം മാത്രമേ വായിച്ചിട്ടുള്ളു. അതു കുറേശെ കുറേശെ വായിച്ചുനോക്കിയപ്പോള്‍ എനിക്ക് മനസ്സിലാവുന്നുണ്ട്. ആ വായനാശീലമാണ് പിന്നീട് വിക്‌ടോറിയ കോളേജില്‍ എത്തിയപ്പോള്‍ തുടര്‍ന്നത്.

മാങ്ങാട്: ഫിക്ഷനു പുറത്തുള്ള വായനകള്‍? പല പുസ്തകങ്ങളെയും അവതരിപ്പിച്ചിട്ടുള്ളതായി അറിയാം?

എം ടി: ഫിക്ഷന് പുറത്ത് ഞാന്‍ വായിക്കാറുണ്ട്, ജീവചരിത്രം, ആത്മകഥ, ചരിത്രം. ഇതൊക്കെ വായിക്കാന്‍ ഇഷ്ടമാണ്. അതല്ലാത്ത പുസ്തകങ്ങളും വായിക്കും. അതു നമ്മെ വായിപ്പിക്കണം എന്നേയുള്ളു. വളരെ മുമ്പ് ഞാന്‍ ആദ്യത്തെ വിദേശയാത്ര കഴിഞ്ഞുവന്നപ്പോഴാണ് 'ദ റൈസ് ആന്‍ഡ് ഹാള്‍ ഓഫ് തേഡ് റീഷ്' വാങ്ങി വായിക്കുന്നത്. ആയിരത്തിലേറെ പേജുള്ള പുസ്തകം. ആ കാലത്ത് ആ പുസ്തകം എവിടെ നിന്നോ കിട്ടി. അത് നോവലിനേക്കാള്‍ താല്‍പ്പര്യത്തോടെ വായിച്ചു. വീണ്ടും വായിച്ചു. ഇപ്പോള്‍ ആ പുസ്തകം എന്റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടു. അങ്ങനെയുള്ള പുസ്തകങ്ങള്‍ മുന്നില്‍ എത്തപ്പെട്ടാല്‍ വായിക്കും. ഫിക്ഷന്‍ വായന ഇപ്പോള്‍ കുറവാണ്, അത്രയും നമ്മെ പിടിച്ചിരുത്തുന്ന ഫിക്ഷന്‍ നമ്മുടെ മുന്നില്‍ എത്തുന്നില്ല. അതുകൊണ്ടായിരിക്കാം, പലതും കുറച്ചു വായിച്ചാല്‍ വേണ്ട എന്നു തോന്നും. വായന ആരുടെയും ബാധ്യതയൊന്നുമല്ലല്ലോ.

മാങ്ങാട്: മുമ്പേ വന്ന എഴുത്തുകാരുടെ കൃതികള്‍ - ബഷീര്‍, തകഴി, പൊറ്റെക്കാട് എന്നിവരുടെ കൃതികള്‍ വായിക്കുന്നത് എപ്പോഴാണ്?

എം ടി: അവരെയൊക്കെ വായിച്ചു വലിയ ആരാധന തോന്നി. ഓരോ ഘട്ടത്തില്‍ അവരെയൊക്കെ കാണുന്നുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ ഏതോ ഒരു കാര്യത്തിന് എറണാകുളത്ത് പോയപ്പോള്‍ ബഷീറിനെ കാണണം എന്നു തോന്നി. നേരിട്ടുപോയി കാണാന്‍ ധൈര്യം പോരാ. കൂടെയുണ്ടായിരുന്ന ആള്‍ പറഞ്ഞു, എനിക്കറിയാം, ഞാന്‍ പരിചയപ്പെടുത്താം എന്ന്. ഞാനന്ന് എഴുതിത്തുടങ്ങുന്ന ഒരു പയ്യനാ. ഞാന്‍ പറഞ്ഞു, വേണ്ട വേണ്ട. എനിക്കൊന്നു കണ്ടാല്‍ മതി. അദ്ദേഹം ബുക്ക് സ്റ്റാളില്‍ ഇരിക്കുന്നത് ദൂരെ നിന്ന് കണ്ട്, പോന്നു. അതും കഴിഞ്ഞ് കുറേ കഴിഞ്ഞാണ് ഞാന്‍ തകഴിച്ചേട്ടനെ കാണുന്നത്. ബഷീറിനെയും വളരെക്കഴിഞ്ഞാണ് തലയോലപ്പറമ്പില്‍ പോയി കൂടുതല്‍ അടുത്ത് പരിചയപ്പെടുന്നത്. ഇവരോടോക്കെ വലിയ ആരാധന, ബഹുമാനം.

പൊറ്റെക്കാടിനെ കാണുന്നത്, ഞാന്‍ പാലക്കാട് ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിക്കുമ്പോഴാണ്. ട്യൂട്ടോറിയലില്‍ ഒരു കൊല്ലം വാര്‍ഷികാഘോഷം നടത്തണമെന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു, നമുക്ക് പൊറ്റെക്കാടിനെ ക്ഷണിക്കാം. ഒന്നു കാണുക എന്നതായിരുന്നു അതിനു പിന്നില്‍. പിന്നെ കോഴിക്കോട്ട് വന്നതിനുശേഷമാണ് എസ്.കെ., തിക്കോടിയന്‍, എന്‍.പി. മുഹമ്മദ് എന്നിവരെയൊക്കെ അടുത്തു പരിചയപ്പെടുന്നത്. അതിന് മുമ്പ് അവരെയൊക്കെ പുസ്തകങ്ങളിലൂടെ കണ്ടിട്ടുള്ള അറിവാണ്. എറണാകുളത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഒരു പത്രത്തിന്റെ വാര്‍ഷികപ്പതിപ്പില്‍ 'പ്രസന്നകേരളം' ആണെന്നാണ് ഓര്‍മ്മ, അവരുടെയൊക്കെ ചെറിയ ഫോട്ടോകള്‍ ഉണ്ടായിരുന്നു. അതൊക്കെ ഞാന്‍ ഭദ്രമായി വെട്ടി, വലിയ ഫ്രെയിമിനകത്താക്കി ഒട്ടിച്ച് പഴയ വീടിന്റെ ചുമരില്‍ വെച്ചിരുന്നു. കുറേക്കാലം ഉണ്ടായിരുന്നു അത്.

('തന്നെ സ്വാധീനിച്ച എഴുത്തുകാര്‍, വായനയുടെ ലോകം, പുസ്തകങ്ങള്‍'എന്ന ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത യാത്രയില്‍ എം. ടി. വാസുദേവന്‍ നായരുമായി മാങ്ങാട് രത്നാകരന്‍ നടത്തിയ ദീര്‍ഘ സംഭാഷണത്തില്‍ നിന്ന്)

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 5 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More