കൊച്ചി: മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്യുന്ന 'സിബിഐ 5 - ദി ബ്രെയിൻ' മെയ് ഒന്നിന് തിയേറ്ററിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍. പെരുന്നാള്‍ റിലീസായാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. ചിത്രത്തിന്റെ സെന്‍സറിംഗ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സേതുരാമയ്യരായി എത്തുന്ന മമ്മൂട്ടിയുടെ ചില ചലനങ്ങളും ഡയലോഗുകളുമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഞ്ജയ് ഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സിനിമയില്‍ പ്രതിപാദിക്കുന്നുണ്ടെന്ന സൂചന ടീസര്‍ നല്‍കുന്നുണ്ട്. സസ്പെന്‍സ് നിറഞ്ഞു നില്ക്കുന്ന ടീസര്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്ന ഒന്നാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'സിബിഐ ഡയറികുറിപ്പ്' എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. പിന്നീട് 'ജാഗ്രത', 'സേതുരാമയ്യര്‍ സി ബി ഐ', 'നേരറിയാന്‍ സിബിഐ', തുടങ്ങിയ ചിത്രങ്ങളും ഈ സീരിസില്‍ പുറത്തിറങ്ങിയിരുന്നു. സേതുരാമയ്യര്‍ എന്ന സി ബി ഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുന്‍ ചിത്രങ്ങളില്‍ എന്നപോലെ സേതുരാമയ്യരുടെ സഹായി ചാക്കോയായി മുകേഷും ചിത്രത്തിലുണ്ട്. രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.