അന്ന ബെന്‍ പ്രധാന വേഷത്തിലെത്തുന്ന 'കപ്പേള'-യിലെ പാട്ടിന്റെ ലിറിക്കല്‍ വീഡിയൊ പുറത്തിറങ്ങി. സൂരജ് റോഷനും പ്രശസ്ത പിന്നണി ഗായിക ശ്വേത മേനോനും ചേര്‍ന്നാലപിച്ചിരിക്കുന്ന 'കണ്ണില്‍ വിടരും രാതാരങ്ങള്' എന്ന പാട്ടിന് സുഷിന് മാത്യുവാണ് ഈണം നല്‍കിയിരിക്കുന്നത്. വിഷ്ണു ശോഭനയുടെതാണ് വരികള്‍.
അണ് ടോള്‍ഡ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ വിഷ്ണു വേണു നിര്‍മ്മിക്കുന്ന ചിത്രം ദേശീയ പുരസ്കാര ജേതാവായ മുഹമ്മദ് മുസ്തഫയാണ് സംവിധാനം ചെയ്യുന്നത്. ജിം ഷി ഖാലിദ് ആണ് ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ലുക്കാ, വരത്തന് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിത്തീര്‍ന്ന അസീസ് നാടോടിയാണ് കപ്പേളയുടെ കലാസംവിധാനം.
റോഷന് മാത്യുവാണ് കപ്പേള-യില്‍ നായകനായി എത്തുന്നത്. നില്‍ജ, നിഷാ സാരംഗ് തുടങ്ങിയവരും ശ്രദ്ദേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ വ്യത്യസ്തനായ വില്ലന്‍ കഥാപാത്രത്തിന് ജീവന് നല്‍കുന്നത് ശ്രീനാഥ് ഭാസിയാണ്.