കൂട്ടായ പരിശ്രമത്തിലൂടെ കോവിഡ് വ്യാപനം നിയന്ത്രിക്കാം- മന്ത്രി കെ കെ ശൈലജ

കൂട്ടായ പരിശ്രമത്തിലൂടെ കോവിഡ് മരണനിരക്കും രോഗവ്യാപനവും നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. ജില്ലയിലെ ആദ്യത്തെ കോവിഡ് ആശുപത്രിയായ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ രണ്ട് കോടി രൂപ ചിലവില്‍  ആരംഭിച്ച ആര്‍ റ്റി പി സി ആര്‍ ലാബ്, നവീകരിച്ച ഐ സി യു, പ്ലാസ്മ ഫെറസിസ് മെഷീന്‍ എന്നിവയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.  

കോവിഡ് രോഗവ്യാപനം ഏറിവരുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആധുനിക സജ്ജീകരണങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ പറഞ്ഞു. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ആശുപത്രിയിലെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെയും വികസന പ്രവര്‍ത്തനങ്ങളെയും അനുമോദിച്ചു.

കോവിഡ് പരിശോധനകള്‍ക്കായി ഒന്നരക്കോടി രൂപ ചിലവില്‍ സജ്ജീകരിച്ച ആര്‍ റ്റി പി സി ആര്‍ ലാബ്, ഇരുപത് ലക്ഷം രൂപ  ചിലവില്‍ നവീകരിച്ച കോവിഡ് ഐ സി യു, പ്ലാസ്മ തെറാപ്പി നടപ്പിലാക്കുന്നതിന് സ്ഥാപിച്ച  പ്ലാസ്മ ഫെറസിസ് മെഷീന്‍ എന്നിവ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കും.

കോവിഡ് രോഗികള്‍ക്കായി 500 കിടക്കകള്‍, 42 വെന്റിലേറ്ററുകള്‍ എന്നിവ ഇവിടെ ലഭ്യമാണ്. നവീകരിച്ച 18 കിടക്കകള്‍ ഉള്ള ഐ സി യു വില്‍ എല്ലാ കിടക്കകള്‍ക്കും വെന്റിലേറ്റര്‍, മള്‍ട്ടി പാരാ മോണിറ്റര്‍ സംവിധാനം, ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് ഐ സി യു വില്‍ത്തന്നെ ഡയാലിസിസിന് ആര്‍ ഒ പ്ലാന്റ്, ഐ സി യു രോഗികള്‍ക്ക് വെന്റിലേറ്റര്‍,  എക്‌സ്റ്റേണല്‍ മോണിറ്റര്‍ സംവിധാനം, 24 മണിക്കൂറും ലഭ്യമാകുന്ന നെഫ്രോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, അനസ്തേഷ്യോളജിസ്റ്റ്, പള്‍മണോളജിസ്റ്റ്, ഫിസിഷ്യന്‍ എന്നിവരടങ്ങിയ ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ സേവനം എന്നിവ ലഭ്യമാണ്. പ്ലാസ്മ ശേഖരണവുമായി ബന്ധപ്പെട്ട് ബ്ലഡ് ബാങ്കില്‍ സ്ഥാപിച്ച പ്ലാസ്മ ഫെറസിസ് മെഷീന്‍ വഴി പ്ലാസ്മ തെറാപ്പി ഫലപ്രദമായി നടപ്പിലാക്കാം. ഇതുവരെ എട്ട് പേര്‍ക്ക്  തെറാപ്പി ലഭ്യമാക്കി.

അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ഓപ്പറേഷന്‍ തീയറ്ററുകള്‍, ഐ സി യു, വൃക്കരോഗികള്‍ക്കായി 10 കിടക്കകളുള്ള ഡയാലിസിസ് യുണിറ്റ്, രോഗനിര്‍ണയതിനുള്ള സി ടി സ്‌കാന്‍, മാമോഗ്രാം, ആര്‍ദ്രം പദ്ധതി വഴി പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍വത്കരിച്ച് നവീകരിച്ച ഒ പി വിഭാഗം  എന്നിവയും  ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഹൃദ്രോഗികള്‍ക്കായി എട്ടു കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന കാത്ത് ലാബിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.

ജി എസ് ജയലാല്‍ എം എല്‍ എ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ എസ് ശ്രീലത, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എന്‍ റോയ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ ഹബീബ് നസീം, ഡയറക്‌ട്രേറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഉദ്യോഗസ്ഥര്‍, പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ വിവിധ ഡിപ്പാര്‍ട്‌മെന്റ് മേധാവിമാര്‍ എന്നിവര്‍ പങ്കെടുത്തു.

Contact the author

News Desk

Recent Posts

Web Desk 18 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More