ജയ്പൂര്‍: ക്ഷമിക്കാനും മറക്കാനും മുന്നോട്ടുപോകാനുമാണ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും തന്നോട് പറഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. രാജസ്ഥാനിലെ നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമോ ഭിന്നതയോ ഇല്ലെന്നും പാര്‍ട്ടിയുടെ എല്ലാ സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കാനായി മുഴുവന്‍ പ്രവര്‍ത്തകരും ഒരുമിച്ച് പരിശ്രമിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനുശേഷം മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിറ്റിംഗ് സീറ്റായ ടോങ്ക് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് സച്ചിന്‍ ഇത്തവണയും ജനവിധി തേടുന്നത്.
'ഞങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളോ ഭിന്നതയോ ഇല്ല. സോണിയാ ഗാന്ധിയുടെയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും ഗ്രൂപ്പിന്റെ ഭാഗമാണ് ഞങ്ങള്‍. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും പാര്‍ട്ടിയുടെ എല്ലാ സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കാന്‍ ശ്രമിക്കുകയുമാണ്. ക്ഷമിക്കാനും മറക്കാനും മുന്നോട്ടുപോകാനുമാണ് രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും എന്നോട് പറഞ്ഞത്. ഞാനത് അനുസരിച്ചു'- സച്ചിന്‍ പൈലറ്റ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ ആരായിരിക്കും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന്, 'ഭൂരിപക്ഷം ലഭിച്ചാല്‍ എംഎല്‍എമാരും ദേശീയ നേതൃത്വവും ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നതാണ് കോണ്‍ഗ്രസിലെ രീതി. രാജസ്ഥാനില്‍ മാത്രമല്ല, എല്ലായിടത്തും അങ്ങനെ തന്നെയാണ്. എംഎല്‍എമാരുടെ അഭിപ്രായം ചോദിച്ചതിനുശേഷമാണ് കഴിഞ്ഞ തവണ രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ തീരുമാനിച്ചത്. ഇത്തവണയും ആ രീതി തുടരും'- എന്നായിരുന്നു പൈലറ്റിന്റെ മറുപടി.